നാലു ചാക്കുകളില്‍ നിറയെ നോട്ടുകള്‍, ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയില്‍, ഡല്‍ഹി ജഡ്ജിയുടെ നില പരുങ്ങലില്‍; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും | Video
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് തീപ്പിടിത്തം ഉണ്ടായതായും കത്തിക്കരിഞ്ഞ നോട്ടുകള്‍ കണ്ടെത്തിയതായും പറയുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കത്തിക്കരിഞ്ഞ നോട്ടുകെട്ടുളുടെ ചിത്രങ്ങളും വിഡിയോകളും സഹിതമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചാക്കില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയ പണം പോലീസ് കമ്മിഷണര്‍ കൈമാറിയതും വീഡിയോയില്‍ കാണാം. ജഡ്ജിയുടെ വസതിയില്‍ നോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നോവെന്നത് സംബന്ധിച്ച് സംശയം നിലനില്‍ക്കെയാണ്, നോട്ടുകള്‍ ചാക്കിലാക്കി സൂക്ഷിച്ചതായ റിപ്പോര്‍ട്ട് ചീഫ്ജസ്റ്റിസ്, സുപ്രിംകോടതിക്ക് കൈമാറിയത്. ചിത്രങ്ങള്‍ പുറത്തായതോടെ ജഡ്ജിയുടെ നില പരുങ്ങലിലായി.
സുപ്രിംകോടതി പുറത്തുവിട്ട വിഡിയോ
ഇന്നലെ രാത്രി 11.30ഓടെയാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ 25 പേജുള്ള പ്രസിദ്ധീകരിച്ചത്. കത്തിയനിലയില്‍ കണ്ടെത്തിയ പണം എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. നോട്ടുകെട്ടുകള്‍ കത്തിയതായി കാണിക്കുന്ന വീഡിയോയെക്കുറിച്ച് ചോദ്യത്തിന്, താന്‍ വീട്ടിലില്ലായിരുന്നെന്നും അത് തനിക്കെതിരേയുള്ള ഗൂഢാലോചനയാണെന്നുമാണ് ജസ്റ്റിസ് വര്‍മ പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവം അന്വേഷിക്കാന്‍ പഞ്ചാബ് - ഹരിയാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയെ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ചിട്ടുണ്ട്. ജസ്റ്റിസ് വര്‍മ്മയ്ക്ക് ജുഡീഷ്യല്‍ ജോലികളൊന്നും നല്‍കരുതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശവും നല്‍കി.
നേരത്തെ പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി കൊളീജിയത്തിന് നല്‍കിയത്. പണം കണ്ടെത്തിയ ഫയര്‍ഫോഴ്‌സില്‍ നിന്നും ഡല്‍ഹി പൊലിസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തയാറാക്കിയത്. മുന്നംഗസമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ജഡ്ജിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും. വഴങ്ങിയില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങുകയാകും ചെയ്യുക.
അതേസമയം, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതോടെ ജസ്റ്റിസ് യശ്വന്ത് വര്‍മ ഹൈക്കോടതിയില്‍ ഹാജരായില്ല. പണം കണ്ടെത്തിയത് ഈ മാസം രണ്ടാംവാരത്തിലാണെങ്കിലും വിഷയം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വെള്ളിയാഴ്ച മുതലാണ് വര്‍മ കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നത്. പണം കണ്ടെത്തിയ കാര്യം ഹൈക്കോടതിയില്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായയുടെ മുമ്പാകെ അവതരിപ്പിച്ചപ്പോള്‍ വിഷയം തങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ അരുണ്‍ ഭരദ്വാജാണ് വിഷയം ബെഞ്ച് മുമ്പാകെ ഉന്നയിച്ചത്. വാര്‍ത്ത തങ്ങളെ നടുക്കുകയും വേദനിപ്പിക്കുകയും ചെയ്തതായി അഭിഭാഷകന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."