കുതിച്ചുയര്‍ന്ന് പോക്‌സോ കേസുകള്‍; പ്രതിക്കൂട്ടില്‍ ഏറെയുമുള്ളത് ഉറ്റവര്‍
കോഴിക്കോട്: മൂന്നുമാസത്തിനിടെ പോക്‌സോ കേസുകളുടെ എണ്ണം ആയിരത്തിനടുത്തെത്തി. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2025 ഫെബ്രുവരി വരെ 888 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കേസുകളുടെ എണ്ണം ആയിരത്തില്‍ എത്തിയത് ആശങ്കയുളവാക്കുകയാണ്. കുട്ടികളെ സംരക്ഷിക്കേണ്ടവരാണ് പ്രതിസ്ഥാനത്തുള്ളതെന്നതാണ് ഗൗരവതരം.
ഇരയാക്കപ്പെട്ട കുട്ടിയും പ്രതിയും തമ്മില്‍ അടുപ്പമോ പരിചയമോ ഉള്ള സാഹചര്യം മിക്ക കേസുകളിലുമുണ്ട്.
കൂടുതല്‍ കേസുകൾ മലപ്പുറത്താണ്. 86. തിരുവനന്തപുരം റൂറലിലും പത്തനംതിട്ടയിലും 69 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ റൂറലിലും എറണാകുളം സിറ്റിയിലുമാണ് കുറവ് കേസുകള്‍. 22 എണ്ണം.
അഞ്ചുവര്‍ഷത്തിനിടയില്‍ കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2020ല്‍ 3042 കേസുകളായപ്പോള്‍ 2021ല്‍ 3516 ആയി ഉയര്‍ന്നു. 2022ല്‍ 4518 കേസുകളും 2023ല്‍ 4641ഉം 2024ല്‍ 4594 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നു കുട്ടികള്‍ക്കു സംരക്ഷണം നല്‍കുന്ന നിയമം (പോക്‌സോ നിയമം) പ്രാബല്യത്തില്‍ വന്നതു 2012ലാണ്.
18 വയസില്‍ താഴെ പ്രായമുള്ള ഏതു കുട്ടിയെയും ലൈംഗികഅതിക്രമത്തിന് ഇരയാക്കുന്നവര്‍ ഇതുപ്രകാരം ശിക്ഷിക്കപ്പെടും.
കുട്ടികള്‍ക്കെതിരെ വര്‍ധിച്ച് വരുന്ന ലൈംഗിക പീഡനങ്ങള്‍ തടയുവാനും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും സമൂഹം മുന്നോട്ട് വരണമെന്ന് സാമൂഹികനീതി വകുപ്പ് മുന്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അഷ്റഫ് കാവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."