തൃശൂരിൽ 12കാരിക്ക് നേരെ ലൈംഗികാതിക്രമം; 94കാരന് ആറ് വർഷം തടവും പിഴയും
തൃശൂർ: 12 കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ 94കാരന് കുന്നംകുളം പോക്സോ കോടതി ആറ് വർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. വടക്കേക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെ (94) ആണ് ജഡ്ജി എസ്.ലിഷ ശിക്ഷിച്ചത്. 2024 മേയിൽ നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ വടക്കേക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങി പോകുകയായിരുന്ന 12 കാരിയെ മുല്ലപ്പൂ തരാമെന്ന വ്യാജേന പ്രതി വീട്ടിന് പുറകിലെ വിറകുപുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വസ്ത്രങ്ങൾ അഴിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത കുട്ടിയെ ബലമായി ഉമ്മവെച്ച് മാനഹാനി ഉണ്ടാക്കിയെന്നാരോപിച്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ അതിജീവിതയുടെ മൊഴി വനിത സിവിൽ പോലീസ് ഓഫീസർ ലിയോണ ഐസക്ക് രേഖപ്പെടുത്തി. അന്വേഷണവും കുറ്റപത്രം സമർപ്പിച്ചതും എസ്.ഐ. പി. ശിവശങ്കർ ആയിരുന്നു. പ്രോസിക്യൂഷൻ വേണ്ടി അഡ്വ. കെ. എസ്. ബിനോയ് ഹാജരാവുകയും ഗ്രേഡ് എ.എസ്.ഐ. എം. ഗീത സഹായിക്കുകയുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."