വൈകിയെത്തി നിയമനം; നിയമനം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം
കോഴിക്കോട്: നിയമനം ലഭിക്കാത്ത നിരാശയില്‍ ആത്മഹത്യ ചെയ്ത താമരശ്ശേരി കട്ടിപ്പാറയിലെ അധ്യാപികക്ക് നിയമനാംഗീകാരം. മാര്‍ച്ച് 15 നാണ് അലീന ബെന്നിയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത് .അഞ്ചു വര്‍ഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്തതിന്റെ പേരില്‍ ഫെബ്രുവരി 19 നാണ് അലീന ജീവനൊടുക്കിയത്.
കഴിഞ്ഞ ഒരു വര്‍ഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് അലീന അധ്യാപികയായിരുന്നത്. 13 ലക്ഷം രൂപ നല്‍കിയാണ് താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കീഴിലെ സ്‌കൂളില്‍ അവര്‍ ജോലിയില്‍ കയറുന്നത്. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും ജോലി സ്ഥിരപ്പെടുത്താന്‍ മാനേജ്മെന്റ് തയ്യാറായില്ല. കട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ എഴുതി വാങ്ങിയെന്നും കുടുംബം ആരോപിച്ചിരുന്നു.
സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ അവരെ കണ്ടെത്തിയത്. താമരശ്ശേരി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയെന്നായിരുന്നു സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നാണ് വീഴ്ചപറ്റിയത് എന്ന് മാനേജ്മെന്റും ആരോപിച്ചു. സ്ഥിരനിയമനത്തിനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കൃത്യമായി ഇടപെട്ടില്ല എന്നുമായിരുന്നു മാനേജ്‌മെന്റ് നല്‍കിയ വിശദീകരണം. മാനേജ്മെന്റിന്റെ വാദങ്ങളെല്ലാം തള്ളുന്നതായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."