ആഗോളതാപനം 40 ശതമാനം ദരിദ്രരാക്കും; ആഗോള ജി.ഡി.പിയില്‍ 40% ഇടിവ് വരുത്തുമെന്നും പഠനം
സിഡ്നി: ആഗോള താപനിലയിലെ 4 ഡിഗ്രി വര്‍ധന സാധാരണ വ്യക്തിയുടെ സമ്പത്തില്‍ 40 ശതമാനം കുറവുണ്ടാകാന്‍ ഇടയാക്കുമെന്ന് പഠനം. താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കുന്നത് ആഗോള ജി.ഡി.പിയില്‍ 16 ശതമാനം കുറവുണ്ടാകുന്നതിന് ഇടയാക്കുമെന്നും ആസ്ത്രേലിയന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. നേരത്തെ 1.4 ശതമാനം കുറവായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകരാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിന് ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കിയാലും ആഗോള താപനില 2.1ഡിഗ്രി സെല്‍ഷ്യസ് ആയി തുടരുമെന്ന് പഠനസംഘത്തിലെ അംഗവും യു.എന്‍.എസ്.ഡബ്ല്യു കാലാവസ്ഥാ ശാസ്ത്രകാരനുമായ ആന്‍ഡി പിറ്റ്മാന്‍ പറഞ്ഞു.
ആഗോള താപനിലയിലെ 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധന 2100 ആകുമ്പോഴേക്കും ആഗോള ജി.ഡി.പിയില്‍ ഏകദേശം 40 ശതമാനം കുറവുണ്ടാക്കുമെന്നും ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ആഗോളതാപനം 1.7 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തണമെന്നും ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് റിസ്‌ക് ആന്‍ഡ് റെസ്പോണ്‍സ് നടത്തിയ പഠനം മുന്നറിയിപ്പുനല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."