യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍
ഗസ്സ: ഗസ്സയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ബുധനാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 80 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ഥി ക്യാംപിലെ യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ കുട്ടികളാണ്. നേരത്തെ ക്ലിനിക്കായി ഉപയോഗിച്ച കെട്ടിടം ഇപ്പോള്‍ ഹമാസ് താവളമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇസ്റാഈല്‍ ഭാഷ്യം. രക്തം തളംകെട്ടി നില്‍ക്കുന്ന തറയുടെ വിഡിയോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കരയാക്രമണം ശക്തിപ്പെടുത്തി ഗസ്സയിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇസ്റാഈല്‍ നീക്കം. ഗസ്സയില്‍ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റായേല്‍ കട്സ് പറഞ്ഞു. ഗസ്സയില്‍ ഇസ്റാഈലിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും കട്സ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ കേന്ദ്രങ്ങളും സംവിധാനങ്ങളും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നും ഇസ്റാഈലിന്റെ സുരക്ഷാ മേഖല വര്‍ധിപ്പിക്കുമെന്നും കട്സ് പറഞ്ഞു. എന്നാല്‍ ഏതെല്ലാം പ്രദേശങ്ങളാണ് അധീനതയിലാക്കുകയെന്ന് കട്സ് വ്യക്തമാക്കിയില്ല.
ഗസ്സയുടെ ആകെ വിസ്തൃതിയുടെ 17 ശതമാനം പ്രദേശം (62 ച.കി.മി) ഇസ്റാഈല്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ ഗസ്സയിലെ റഫയ്ക്കും ഖാന്‍ യൂനിസിനും സമീപമുള്ളവരോട് ഒഴിഞ്ഞു പോകാന്‍ ഇസ്റാഈല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
മാനുഷിക മേഖല എന്നറിയപ്പെടുന്ന അല്‍ മവാസിയിലേക്ക് മാറാനാണ് സൈന്യത്തിന്റെ ഉത്തരവ്. ഗസ്സയില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇന്ധനക്കുറവും ധാന്യങ്ങള്‍ ലഭിക്കാത്തതും മൂലം 25 ബേക്കറികള്‍ അടച്ചുപൂട്ടി. ഒരു മാസത്തിലേറെയായി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഇസ്റാഈല്‍ തടഞ്ഞിരിക്കുകയാണ്. ഗസ്സയില്‍ ഇതുവരെ 232 മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 13 ആഴ്ചയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."