വഖ്ഫ് ഭേദഗതി നിയമം: സമസ്തയുടെ ഹരജിയില്‍ 16ന് വാദം കേള്‍ക്കും | Samastha in Supreme court
ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി ഈ മാസം 16ന് വാദംകേള്‍ക്കാന്‍ തീരുമാനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും സമസ്തയുടെ റിട്ട് ഹരജി (280/2025) പരിഗണിക്കുക. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്നലെ സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ചീഫ് ജസ്റ്റിസ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കേസ് ഈ മാസം 16ന് പരിഗണിക്കാന്‍ തീരുമാനമായത്.
നേരത്തേ വഖ്ഫ് നിയമം ഭരണഘടനയുടെ 14, 15, 25, 26, 300 എ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വക്കറ്റ് ഓണ് റെക്കോര്‍ഡ് സുല്ഫീക്കര്‍ അലി പി.എസ് മുഖേനയാണ് സമസ്ത ഹരജി നല്‍കിയത്. നിയമം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത സമര്‍പ്പിച്ചിട്ടുണ്ട്.
വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് സമസ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അവകാശങ്ങളില്‍ കടന്നുകയറുകയും അവയുടെ നിയന്ത്രണങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് ഫെഡറല്‍ തത്വങ്ങളെയും ലംഘിക്കുന്നു. 1995ലെ നിയമത്തിലെ സെക്ഷന്‍ 3 (ആര്‍) ല്‍ നല്‍കിയിരിക്കുന്ന 'വഖ്ഫ്' എന്നതിന്റെ നിര്‍വചനത്തിലെ ഭേദഗതിയും പുതുതായി ചേര്‍ത്ത സെക്ഷന്‍ 3ഇ, 7 (1) വകുപ്പും നിലവിലെ വഖ്ഫ് സ്വത്തുക്കളെ ഗുരുതരമായി ബാധിക്കും.
വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ ഇല്ലാതാക്കിയത് വലിയ പ്രത്യാഘാതമുണ്ടാക്കുകയും സുപ്രധാന വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. ഒരിക്കല്‍ വഖ്ഫ് ചെയ്തത് എപ്പോഴും വഖ്ഫ് ആയിരിക്കും. മുസ് ലിം നിയമശാസ്ത്രമനുസരിച്ച് വഖ്ഫ് വാക്കാലോ ആധാരത്തിലൂടെയോ ഉപയോക്താവില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിയും. ഒരു ഭൂമിയോ സ്വത്തോ വളരെക്കാലമായി മുസ് ലിം സമുദായത്തില്‍പ്പെട്ട ആളുകള്‍ മതപരമോ ഭക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍, അത്തരം സ്വത്തോ ഭൂമിയോ ഉപയോക്താവില്‍ നിന്ന് വഖ്ഫ് ആയി മാറുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലവില്‍വന്നതിനാല്‍ ഇന്ത്യയിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വഖ്ഫ് ആധാരം ഇല്ല. അതിനാല്‍ രേഖയുടെ അടിസ്ഥാനത്തില്‍ വഖ്ഫ് സ്വത്തുക്കള്‍ നിര്‍ണയിക്കപ്പെടുന്നത് സ്വകാര്യ സ്വത്തോ സര്‍ക്കാര്‍ സ്വത്തോ ആണെന്ന് അവകാശപ്പെടാനിടയാക്കും. വഖ്ഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും അമുസ് ലിംകളെ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാലംഘനമാണ്. വഖ്ഫ് തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്ക് നിക്ഷിപ്തമാക്കുന്നത് സര്‍ക്കാര്‍ തന്നെ വാദിയും ജഡ്ജിയുമാകുന്ന സാഹചര്യമുണ്ടാക്കുമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."