കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും
കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘം സഞ്ചരിച്ച ബസിന് നേരെ ആക്രമണം. പെട്രോൾ പമ്പിന് സമീപം ബസ് തിരിക്കുന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി, ബസിന് നേരെ പന്നിപ്പടക്കങ്ങൾ എറിയുകയും മുൻചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും ഒപ്പം മൂന്ന് പേരെയും കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വെണ്ണക്കാടിന് സമീപമുള്ള ഒരു കല്യാണ മണ്ഡപത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പെട്രോൾ പമ്പിലേക്ക് തിരിച്ചപ്പോഴാണ് ആക്രമണം നടന്നത്. ബസ് കാറിൽ ഉരസിയെന്ന് ആരോപിച്ച്, കാറിലെത്തിയ ഷമീറും കൂട്ടാളികളും ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ബസിന്റെ മുൻചില്ല് തകർക്കുകയും കല്ലെറിയുകയും ചെയ്തു.
അക്രമികൾ എറിഞ്ഞ രണ്ട് പടക്കങ്ങളിൽ ഒന്ന് പെട്രോൾ പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു. പെട്രോൾ പമ്പിന് സമീപം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചത് വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്ന് അധികൃതർ വിലയിരുത്തി.
സംഭവത്തെ തുടർന്ന് അക്രമികൾ നരിക്കുനിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, കൊടുവള്ളി-നരിക്കുനി റോഡിൽ മടവൂർ മുക്കിന് സമീപം പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പൊലീസ് കർശന നടപടികൾ സ്വീകരിച്ചു.
ആട് ഷമീർ മുമ്പ് കൊടുവള്ളിയിൽ നടന്ന ഒരു 'ക്വട്ടേഷൻ' കേസുമായി ബന്ധപ്പെട്ട് തിരയുന്ന കുറ്റവാളിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."