ഐപിഎൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും; ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി
ചെന്നൈ: ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ചെപ്പോക് സ്റ്റേഡിയത്തിന്റെ ഓഫിസിലേക്ക് ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി വന്നത്. ഓപ്പറേഷൻ സിന്ദൂരിനുള്ള പ്രതികാരമായി ഐപിഎൽ നടത്തിയാൽ ആക്രമണങ്ങൾ നടത്തുമെന്നും ഐപിഎൽ നടത്തിയാൽ രക്തപ്പുഴകൾ ഒഴുകും എന്നുമാണ് ഇമെയിൽ വന്നത്. ഇതിന് പിന്നാലെ ബോംബ് വിദഗ്ധർ സ്റ്റേഡിയത്തിൽ എത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ പൊലിസ് ഊർജിതമായ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് ബി.സി.സി.ഐ നിർത്തിവെച്ചിരുന്നു.. ഇരു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റ് മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം ഈ സമയങ്ങളിൽ അനുയോജ്യമല്ലെന്ന് സർക്കാർ കരുതുന്നതിനാൽ ഈ ടൂർണമെന്റ് മാറ്റിവെക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
If IPL is held rivers of blood will flow Bomb threat against Chepauk Stadium
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."