കര്‍മമണ്ഡലത്തില്‍ വ്യത്യസ്തരായ രണ്ട് അധ്യാപകരെ മുഖ്യമന്ത്രി ഇന്ന് ആദരിക്കും
അരീക്കോട്: ഇന്ന് അധ്യാപക ദിനം ആഘോഷിക്കുമ്പോള്‍ രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ തേടിയെത്തിയ സന്തോഷത്തിലാണു അരീക്കോട് ഉപജില്ല. അരീക്കോട് ജി യു പി സ്‌കൂളിലെ പി.എസ് പ്രശാന്ത് കുമാര്‍, കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എം.ആര്‍ പുരുഷോത്തമന്‍ എന്നിവരാണു സംസ്ഥാനാധ്യാപക അവാര്‍ഡിനര്‍ഹരായത്. രണ്ട് അധ്യാപകരും ഇന്നു തിരുവനന്തപുരത്ത് ഒരുക്കിയ ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കും.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണു പ്രശാന്ത് കുമാര്‍ നടത്തിയത്. കേരളത്തിലെ വിദ്യാര്‍ഥികളെ മറ്റു സംസ്ഥാനങ്ങളിലെത്തിച്ച് അവിടത്തെ ഗ്രാമീണരോടൊപ്പം താമസിച്ച് പഠനം നടത്തുകയും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുള്ള വിദ്യാര്‍ഥികളെ കേരളത്തിലെത്തിച്ചു കേരളീയ പാരമ്പര്യം പകര്‍ന്നു നല്‍കുകയും ചെയ്തു. പാവ നാടകത്തിലൂടെ പൊതുവിഷയങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുകയും ചെയ്തു. പാവനാടകത്തിന്റെ വെന്റ്രി ലിക്വിസം ഉപയോഗപ്പെടുത്തി പഠനവഴിയില്‍ വിദ്യാര്‍ഥികള്‍ക്കു പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനുമായതാണു പ്രശാന്ത് കുമാറിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇതിനു പുറമെ 'കീരന്‍ കുട്ടി സത്യമറിയുന്നു' എന്ന തെരുവുനാടകത്തിലൂടെ ഭക്ഷണ സംസ്‌കാരത്തിനെതിരെയും വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗത്തിനെതിരേയും പ്രചാരണം നടത്തി. നൂറു കണക്കിനു വേദികളില്‍ നാടകം അവതരിപ്പിച്ചു. ഇതിലൂടെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ രീതിയില്‍ പ്രചാരമുണ്ടാക്കാനും സാധിച്ചു. കഴിഞ്ഞ വര്‍ഷം നാഷണല്‍ ചൈല്‍ഡ് ഡവലപ്പ്മന്റ് കൗണ്‍സിലിന്റെ ചൈല്‍ഡ് ഫ്രണ്ട്‌ലി ഫ്യൂച്ചര്‍ അവാര്‍ഡും പ്രശാന്ത് കുമാറിനെ തേടിയെത്തി. പാഠപുസ്തകങ്ങള്‍ക്കു പുറത്തു തുറന്നിട്ട പഠനവനവഴികള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്താനായെന്നതു തന്നെയാണു അധ്യാപക അവാര്‍ഡിനര്‍ഹനാക്കിയതെന്ന് കൊടിയത്തൂര്‍ സ്വദേശിയായ പ്രശാന്ത് കുമാര്‍ പറയുന്നു.
വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന വൈവിധ്യങ്ങളേറിയ പ്രവര്‍ത്തനങ്ങളാണു എം.ആര്‍ പുരുഷോത്തമനെ സംസ്ഥാന അവാര്‍ഡിലേക്കെത്തിച്ചത്. വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചു ഭീമന്‍ മാഗസിന്‍ പുരുഷോത്തമന്റെ നേതൃത്വത്തില്‍ പുറത്തിറക്കി. രണ്ടേമുക്കാല്‍ ക്വിന്റല്‍ ഭാരവും ഒരു മീറ്റര്‍ ഉയരവുമായിരുന്നു 5000 പേജുള്ള 'സര്‍ഗ്ഗസാഗരം' എന്ന മാഗസിന്‍. ഇതിനിടെ ഈ അധ്യാപകന്റെ ശ്രമഫലമായി വെളിച്ചം കണ്ട പുസ്തകങ്ങള്‍ ലിംഗാ ബുക്‌സിലും ഇടം നേടി. പുറമെ 'രണ്ടായിരം ജീവചരിത്രം ഒരു നാടിന്റെ ചരിത്രം' എന്ന പുസ്തകവും പ്രകാശിതമായി. വിദ്യാര്‍ഥികള്‍ അവരുടെ മാതാപിതാക്കളുടെ ജീവചരിത്രം നാടിന്റെ ചരിത്രവുമായി ബന്ധിപ്പിച്ചെഴുതിയതായിരുന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം. വിദ്യാര്‍ഥികളുടെ ബയോഡാറ്റ ശേഖരിച്ച് അവരുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചു പഠനം നടത്തി വിദ്യാര്‍ഥികളെ മുന്‍പന്തിയിലെത്തിക്കാന്‍ വിവിധ പരിപാടികളാണു മലയാളം അധ്യാപകനായ എം.ആര്‍ പുരുഷോത്തമന്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. കൂടരഞ്ഞി സ്വദേശിയാണിദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."