ഇന്ന് അധ്യാപക ദിനം കാഴ്ചക്കപ്പുറം ബേബിയുടെ ജീവിതം
കണ്ണൂര്‍: വീണുപോയിടത്തുനിന്നും ജീവിത വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയവരില്‍ ബേബി ടീച്ചറുമുണ്ട്. അധ്യാപികയായി വെള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ യു.പി ക്ലാസുകളില്‍ ബേബി ടീച്ചറെത്തുന്നത് അക്കാദമിക് പരീക്ഷകള്‍ മാത്രമല്ല ജീവിത പരീക്ഷയും വിജയിച്ചാണ്. പന്ത്രണ്ടാമത്തെ വയസില്‍ അച്ഛനെ നഷ്ടപ്പെട്ടതിന്റെ ആഘാതം വിട്ടുമാറും മുമ്പാണ് ബേബിക്ക് കാഴ്ചയുടെ ലോകവും അന്യമായത്.
വലതു കണ്ണിനുണ്ടായ വേദന പിന്നീട് ഇരു കണ്ണുകളെയും ബാധിക്കുകയായിരുന്നു. കുടുംബത്തിന്റെ ആശ്രയമായ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതോടെ സാമ്പത്തികമായി പ്രയാസം നേരിടുമ്പോഴും ഏക മകളുടെ ചികിത്സകള്‍ നടത്താന്‍ അമ്മ കമലാക്ഷി ശ്രമം തുടര്‍ന്നു. എന്നാല്‍ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം കാഴ്ചയുടെ ലോകം പൂര്‍ണമായും നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ആ ശ്രമം വിഫലമായി.
പിന്നീട് മകളുടെ കൈയും പിടിച്ച് കമലാക്ഷി നടന്നു തീര്‍ത്ത ദൂരമാണ് ഇന്ന് ബേബിയെ അധ്യാപികയാക്കിയത്. പൂര്‍ണമായും കാഴ്ച നഷ്ടമായിട്ടും പഠനം തുടര്‍ന്ന ബേബി 1990ല്‍ എസ്.എസ്.എല്‍.സി വിജയിച്ചു. പിന്നീട് വീട്ടില്‍ നിന്നും കിലോമീറ്റര്‍ താണ്ടി തളിപ്പറമ്പ് സര്‍സയ്യിദ് കോളജില്‍ പ്രീഡിഗ്രിയും പിന്നീട് അതേ കോളജില്‍ ചരിത്രത്തില്‍ ബിരുദവും കരസ്ഥമാക്കി. കണ്ണൂര്‍ ചൊവ്വ ബി.എഡ് സെന്ററില്‍ നിന്നു ബി.എഡ് നേടിയെടുക്കും വരെ നിഴല്‍ പോലെ അമ്മ കമലാക്ഷിയുണ്ടായിരുന്നു കൂടെ. കോഴ്‌സുകള്‍ കഴിഞ്ഞെത്തിയ ബേബിക്ക് അന്നത്തെ ജില്ലാ കലക്ടര്‍ ബി രാമകൃഷ്ണന്റെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലാണ് ജോലി ലഭിക്കുന്നത്. ഒടുവില്‍ പഠിച്ചിറങ്ങിയ സ്‌കൂളില്‍ തന്നെ ബേബി അധ്യാപികയായി. ബ്രെയില്‍ ലിപി ഉപയോഗിച്ച് ക്ലാസെടുക്കുന്ന അധ്യാപികയെ ആദ്യം കുട്ടികള്‍ക്ക് അത്ഭുതമായിരുന്നു. എന്നാല്‍ അല്‍പ്പം വികൃതി കാട്ടുന്ന കുട്ടികള്‍ പോലും പിന്നീട് ബേബി ടീച്ചറുടെ ക്ലാസില്‍ ശ്രദ്ധയോടെയും അച്ചടക്കത്തോടെയും ഇരിക്കാന്‍ തുടങ്ങി. പിരിഡ് കഴിഞ്ഞാല്‍ കുട്ടികളുടെ കൈയ്യും പിടിച്ചാണ് സ്റ്റാഫ് റൂമിലേക്കു പോവുക. 2008 ഡിസംബറിലാണ് ടീച്ചറുടെ വിവാഹം നടന്നത്. തിരുവന്തപുരം കാട്ടാക്കട സ്വദേശിയായ രാജേന്ദ്രനാണ് ഭര്‍ത്താവ്.സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ ഏഴു വയസുള്ള മകള്‍ കൃഷ്ണ തീര്‍ത്ഥയുടെ കളിചിരിയും ഇവര്‍ക്ക് കൂട്ടിനുണ്ട്. കാഴ്ച നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയും പഠിക്കാനുള്ള താല്‍പര്യം കൊണ്ട് നേടിയെടുത്ത ഈ ജോലിയെ പവിത്രമായി കാണുന്ന ബേബി ടീച്ചര്‍ ഈ വര്‍ഷത്തെ അധ്യാപക ദിനത്തിലും ഓണപ്പരീക്ഷകളുടെ തിരക്കിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."