സി.പി.എം നേതാവിന്റെ വീടിനും പാര്‍ട്ടി ഓഫിസിനും നേരെ അക്രമം പുലര്‍ച്ചെ ഒരു മണിയോടെ വീടിനു നേരെ സ്റ്റീല്‍ ബോംബ് എറിയുകയായിരുന്നു
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് സി.പി.എം പ്രാദേശിക നേതാവിന്റെ വീടിനു നേരെയും കൈതേരിയിലെ സി.പി.എം ഓഫിസിനു നേരെയും ആക്രമണം. സി.പി.എം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം വി രാജീവന്റെ തൊക്കിലങ്ങാടിയിലെ വീടിനു നേരെയും കൈതേരി എടം ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന യു.കെ കുഞ്ഞിരാമന് സ്മാരക മന്ദിരത്തിനു നേരെയുമാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ രാജീവന്റെ വീടിനു നേരെ ബോംബെറിയുകയായിരുന്നു. സ്റ്റീല്‍ ബോംബ് വീടിന്റെ മുറ്റത്ത് വീണു പൊട്ടി. ബോംബിന്റെ ചീളുകള്‍ തെറിച്ച് വീടിന്റെ ചുമരിനും ജനലിനും കേടുപാടുകള്‍ ഉണ്ടായി. ഇതിനു മുമ്പും രാജീവന്റെ വീടിനു നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. മുന്‍ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറും സി.പി.എം തൊക്കിലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയുമായ വി ഷൈജയുടെ ഭര്‍ത്താവാണ് രാജീവന്. ആക്രമണത്തിനു പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കൈതേരി എടത്തെ സി.പി.എം ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ ഗ്ലാസുകള്‍ അക്രമിസംഘം കല്ലെറിഞ്ഞു തകര്‍ക്കുകയാണുണ്ടായത്. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ബ്രാഞ്ച് സെക്രട്ടറി റോഷിത്തിന്റെ പരാതി പ്രകാരം കൂത്തുപറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."