സംഘ്പരിവാറുകാരനായ സുഹൃത്ത് ട്രിപ്പ് വിളിച്ചുവരുത്തി കൊലക്ക് കൊടുത്തു, നടന്നത് വന്‍ ഗൂഢാലോചന, കൊല്ലപ്പെട്ട അബ്ദുര്‍റഹീം നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാള്‍; പ്രതികള്‍ ഇനിയും പിടിയിലായില്ല
മംഗളൂരു: കോല്‍ത്തമജലിലെ അബ്ദുര്‍റഹീമിനെ ക്രൂരമായി കൊലപ്പെടുത്തിയത് തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് പ്രദേശവാസികള്‍. ചെവ്വാഴ്ച വൈകിട്ടാണ് കൊളത്തമജലു സ്വദേശിയും ബദര്‍ ജുമാമസ്ജിദ് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ ഡ്രൈവര്‍ അബ്ദുര്‍റഹീമിനെ വെട്ടിക്കൊലപ്പെടുത്തിയത്. സഹായിയും പ്രദേശത്തെ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറിയുമായ കലന്ദന്‍ ശാഫിക്കും വെട്ടേറ്റിരുന്നു.
കൈക്ക് വേട്ടേറ്റ ശാഫി അപകടനില തരണം ചെയ്തിട്ടുണ്ട്. പൂഴിമണല്‍ ഇറക്കുന്ന കരാര്‍ എടുക്കുന്ന അബ്ദുര്‍റഹീമിനെ ഹിന്ദുത്വവാദിയായ സുഹൃത്ത് വിളിച്ചുവരുത്തുകയായിരുന്നു. മണല്‍ ഇറക്കിക്കൊണ്ടിരിക്കെ 15ഓളം പേര്‍ ബൈക്കുകളിലെത്തി പിക്കപ്പില്‍ നിന്ന് റഹീമിനെ വലിച്ചിറക്കി വെട്ടുകയായിരുന്നു. കൊലയാളികളില്‍ രണ്ടുപേര്‍ അബ്ദുര്‍റഹീമിന്റെ സുഹൃത്തുക്കളാണെന്നും പറയപ്പെടുന്നുണ്ട്.
ഇവരെ ആശുപത്രിയില്‍ കഴിയുന്ന ശാഫി തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുദിവസം മുന്‍പ് ബജ്‌പൈയില്‍ തീവ്രഹിന്ദുത്വ വാദികള്‍ വിദ്വേഷപ്രസംഗം നടത്തിയിരുന്നു. ഇതിനുശേഷമാണ് റഹീമിന്റെ കൊലപാതകം നടക്കുന്നത്.
തീരദേശ കര്‍ണാടകയില്‍ കൊലക്കേസ് പ്രതിയായ തീവ്രഹിന്ദുനേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ഈ കൊലപാതകം. ഷെട്ടിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്നു, ബജ്‌റംഗ് ദള്‍ പോലുള്ള സംഘടനകളുമായുള്ള ബന്ധത്തിന് പേരുകേട്ടയാളായിരുന്നു സുഹാസ് ഷെട്ടി.
എന്നാല്‍ ഒരു രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കാതെ എസ്.കെ.എസ്.എസ്.എഫിന്റെയും ബദരിയ്യ ജുമാമസ്ജിദിന്റെയും പ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവച്ച നിരപരാധിയെ വെട്ടികൊലപ്പെടുത്തിയതാണ് നാട്ടുകാരെ ഏറെ ഞെട്ടിച്ചത്. പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള മലപ്പുറം സ്വദേശി അഷ്‌റഫിനെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹാസ് ഷെട്ടിയുടെ കൊലപാതകം നടന്നത്. മുസ്ലീങ്ങള്‍ക്കെതിരെ പരസ്യമായ ഭീഷണി മുഴക്കിയവര്‍ക്കെതിരെ 45 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും കുറച്ച് അറസ്റ്റുകള്‍ മാത്രമേ നടന്നിട്ടുള്ളൂ.
അബ്ദുള്‍ റഹീമിന്റെ കൊലപാതകത്തിലും ദീപക്, സുമിത് ആചാര്യ എന്നീ രണ്ട് നാട്ടുകാര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബണ്ട്വാള്‍ റൂറല്‍ പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുര്‍റഹീമിനും കലന്ദര്‍ ഷാഫിക്കും പരിചയമുള്ള ദീപക്, സുമിത് എന്നിവരാണ് പ്രതികളില്‍ ഉള്‍പ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവം നടന്ന് രണ്ടുദിവസമായിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല.
പിഞ്ചുമക്കളെ അനാഥരാക്കി റഹീം മടങ്ങി
പറക്കമുറ്റാത്ത മൂന്നും, ഒന്നും വയസുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്കും ഭാര്യക്കുമൊപ്പം സ്വന്തമായി പണിത വീട്ടില്‍ താമസിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി അബ്ദുര്‍റഹീം മടങ്ങി. നാലുവര്‍ഷത്തോളം സെക്രട്ടറിയായിരുന്ന കൊളത്തമജലു ബദരിയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. ഒരു രാഷ്ട്രീയത്തോടും അമിതാവേശം കാണിക്കാത്ത അബ്ദുര്‍റഹീമിന്റെ മരണം നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
ആറുമാസം മുന്‍പാണ് റഹീമിന്റെ വീടിന്റെ നിര്‍മാണം തുടങ്ങിയത്. പിതാവ് നല്‍കിയ സ്ഥലത്താണ് വീട് നിര്‍മാണം ആരംഭിച്ചത്. പിതാവും മാതാവും റഹീമിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. പ്രദേശത്ത് ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു റഹീം. റഹീമിന്റെ പ്രവര്‍ത്തന മികവിനുള്ള അടയാളമായിരുന്നു നാലു വര്‍ഷമായി ബദരിയ്യ ജുമാമസ്ജിദിന്റെ സെക്രട്ടറി സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."