മെഡിസെപ് ആനുകൂല്യം നിഷേധിച്ച കേസ്: കിഴിശ്ശേരി സ്വദേശിനിക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ വിധി
കോഴിക്കോട്: സ്‌ട്രോക്ക് വന്ന് അത്യാസന്ന നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കിഴിശ്ശേരി സ്വദേശിനിക്ക് മെഡിസെപ് ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച സംഭവത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് കനത്ത തിരിച്ചടി. കോഴിക്കോട് ജില്ലാ ഉപഭോക്തൃ കമ്മിഷൻ നിർണ്ണായക വിധിയിലൂടെ കമ്പനി പരാതിക്കാരിക്ക് 2,90,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
അടിയന്തര ചികിത്സാ ഘട്ടത്തിൽ മെഡിസെപ് പാനലിൽ ഇല്ലാത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചാലും ഇൻഷുറൻസ് ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കിയാണ് കമ്മിഷൻ വിധി പുറപ്പെടുവിച്ചത്.
സ്‌ട്രോക്ക് വന്ന് തളർന്നതിനെ തുടർന്നാണ് കിഴിശ്ശേരി സ്വദേശിനിയെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ അടിയന്തരമായി പ്രവേശിപ്പിച്ചത്. സ്‌ട്രോക്കിനുള്ള ചികിത്സയ്ക്ക് ഈ ആശുപത്രി മെഡിസെപ് ഇൻഷുറൻസ് പാനലിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ജീവൻ രക്ഷിക്കാനുള്ള അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ഇവിടെ ചികിത്സ തേടിയത്. ചികിത്സാച്ചെലവിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ, മെഡിസെപ് ആനുകൂല്യം നിഷേധിച്ച് കമ്പനി കടുത്ത നിലപാടെടുക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പരാതിക്കാരി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
അപകടങ്ങളോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ചികിത്സാ ആനുകൂല്യം നൽകണമെന്ന് മെഡിസെപ് പദ്ധതിയിൽ വ്യവസ്ഥയുണ്ടായിരിക്കെയാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, പരാതിക്കാരിയുടെ ചികിത്സാ ചെലവായ 2,35,000 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപയും, കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെ ആകെ 2,90,000 രൂപ നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.
നിശ്ചിത സമയത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ തുകയ്ക്ക് ഒമ്പത് ശതമാനം പലിശ നൽകേണ്ടിവരുമെന്നും കമ്മിഷൻ വിധിയിൽ വ്യക്തമാക്കി. കെ. മോഹൻദാസ് (പ്രസിഡന്റ്), പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ (അംഗങ്ങൾ) എന്നിവരടങ്ങിയ ജില്ലാ കമ്മിഷനാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
The court ordered a significant compensation payment to a resident of Kizhissey after her application for the MEDISEP insurance benefit was denied.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."