Fact Check | 'ഡോ.അബ്ദുല്‍ കലാമിന്റെയും വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ്സുകാര്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ്'; സന്ദേശത്തിലെ വാസ്തവം ഇതാണ്
പത്താം ക്ലാസ്, പ്ലസ്സ് ടു ഫലം പുറത്തുവരികയും കേരളത്തിലെ വിദ്യാലയങ്ങള്‍ തിങ്കളാഴ്ച തുറക്കാനിരിക്കുകയും ചെയ്യാനിരിക്കെ, പുതിയ കോഴ്‌സുകളെയും സ്‌കോളര്‍ഷിപ്പുകളെയും കുറിച്ചുള്ള സന്ദേശങ്ങളാകും സോഷ്യല്‍മീഡിയയില്‍ നിറയെ. ഇതില്‍ പലതും മാര്‍ക്കറ്റിങ് ലക്ഷ്യത്തോടെ പ്രചരിക്കുന്നവയാണ്. കൂട്ടത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതും തീര്‍ത്തും വ്യാജ സന്ദേശങ്ങളും ഉള്‍പ്പെടും. കാണുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാതെ അതുപോലെ ഫോര്‍വേഡ് ചെയ്യുകയാണ് പലരും ചെയ്യാറ്. ഇത്തരത്തില്‍ വൈറലായ സന്ദേശങ്ങളിലൊന്നാണ് മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവായി അറിയപ്പെടുന്നയാളുമായ എ.പി.ജെ അബ്ദുല്‍ കലാമിന്റെയും മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെയും പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി.
പ്രചരിക്കുന്ന സന്ദേശം
'*ശ്രദ്ധിക്കുക..!!!*
===============
*ഡോ.അബ്ദുള്‍ കലാമിന്റെയും, വാജ്‌പേയിയുടെയും പേരില്‍, പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. *75% മാര്‍ക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, 10000 /85% ന് മുകളില്‍മാര്‍ക്ക് വാങ്ങുന്ന 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്, 25000 / * മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് അപേക്ഷാ ഫോം ചോദിച്ചു വാങ്ങുക. ഈ പോസ്റ്റ് ഒഴിവാക്കാതെ മറ്റുള്ളവരെ അറിയിക്കുക. കാരണം നമുക്ക് ഈ സന്ദേശം ആവശ്യമില്ലെങ്കിലും, ഇത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടട്ടെ..
ഹൈക്കോടതി.
ഉത്തരവ് നമ്പര്‍: WP (MD) NO.20559 / 2015'
സന്ദേശത്തിന്റെ വാസ്തവം
സന്ദേശം സംബന്ധിച്ച് സുപ്രഭാതം ഫാക്ട് ചെയ്യ് യൂണിറ്റ് (Suprabhaatham Fact Check Unit) നടത്തിയ പരിശോധനയില്‍ ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതിയില്ലെന്നും ഇത് തെറ്റാണെന്നും മനസ്സിലായി. നിലവില്‍ ഇത്തരത്തിലൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുമില്ല. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കോളര്‍ഷിപ്പ് പദ്ധതികളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭ്യമാണ്.
അതിന്റെ ലിങ്ക്: https://scholarships.gov.in/
കേരളത്തില്‍ എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍ക്കുള്ളതാണ് ഈ സ്‌കോളര്‍ഷിപ്പ്.
വാജ്‌പേയിയുടെ പേരില്‍ സ്‌കോളര്‍ഷിപ്പ് ഉണ്ട്. എന്നാല്‍ അത് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ളതല്ല. മറിച്ച് Indian Council for Cultural Relatiosn (ICCR) നല്‍കുന്നതാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളിലേക്കുള്ള വാതിലുകള്‍ തുറക്കുകയും അംഗീകൃത ഇന്ത്യന്‍ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ പഠനങ്ങള്‍ നടത്താനുള്ള അവസരം നല്‍കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി തുടങ്ങിയത്.
സന്ദേശത്തില്‍ പരാമര്‍ശിച്ച ഹൈക്കോടതി ഉത്തരവിലെ നമ്പറും ഈ പദ്ധതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സുപ്രഭാതം ഫാക്ട് ചെയ്യ് യൂണിറ്റ് മനസ്സിലാക്കി. ഗ്രാമനൃത്തം, പാട്ടുത്സവം, ക്ഷേത്രങ്ങളില്‍ സന്ദര്‍ശകര്‍ ധരിക്കേണ്ട വസ്ത്രരീതി എന്നിവ സംബന്ധിച്ച കേരളാ ഹൈക്കോടതിയിലെ വിധിയുടെ നമ്പറാണിത്. മറ്റൊരു കാര്യം ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി സുപ്രിംകോടതിയോ രാജ്യത്തെ ഏതെങ്കിലും ഹൈക്കോടതിയോ പ്രഖ്യാപിക്കില്ല എന്നതാണ്.
ഫലം
നിലവില്‍ എ.പി.ജെ അബ്ദുല്‍ കലാമിന്റെയും എബി വാജ്‌പേയിയുടെയും പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നില്ല. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന സന്ദേശം പൂര്‍ണമായും തെറ്റാണ്. സമാന സന്ദേശം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മുന്‍ വര്‍ഷങ്ങളിലും പ്രചരിച്ചിരുന്നു. സന്ദേശം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ വ്യക്തതമാക്കിയതുമാണ്.
നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക.
Number: 8547452261
Fact check on Central government scholarship in the name of Abdul Kalam and Atal Bihari Vajpayee
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."