തീപിടിച്ച ചരക്കുകപ്പല്‍ ചെരിയുന്നു; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം, കപ്പലില്‍ ഡീസലും കീടനാശിനികളും ഉള്‍പ്പെടെ നിറച്ച 140 കണ്ടെയ്നറുകള്‍
കൊച്ചി: പുറം കടലില്‍ തീപിടിച്ച കപ്പല്‍ ചെരിയുന്നു. 10ഡിഗ്രിയോളം ചെരിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ ചരക്കു കപ്പലില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷര്‍ വാട്ടര്‍ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുകയാണ്. കപ്പലില്‍ തീ ആളിപ്പടരുന്നതിനാല്‍ കപ്പലിന്റെ അടുത്തേക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കണ്ടെയ്‌നുകള്‍ തെക്ക് കിഴക്ക് ഭാഗത്തേക്ക് നിങ്ങുന്നു. അതേസമയം കണ്ടെയ്‌നറുകള്‍ മുന്ന് ദിവസം കടലിലൂടെ ഒഴുകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് മുതല്‍ കൊച്ചി വരെ ജാഗ്രതാനിര്‍ദേശം.
ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളില്‍ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാര്‍ഗോ മാനിഫെസ്റ്റില്‍ നിന്നുമാണ് കപ്പലിനുള്ളില്‍ എന്ത് എന്ന വിവരം പുറത്ത് വന്നത്.
140 കണ്ടെയിനറുകള്‍ക്കുള്ളില്‍ അതീവ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസ വസ്തുക്കളും, കീടനാശിനികളും ഉണ്ട് എന്നാണ് കണ്ടെത്തല്‍.20 കണ്ടെയിനറുകളില്‍ 1.83 ലക്ഷം കിലോ ബൈപൈറി ഡിലിയം കീടനാശിനിയാണ് ഉള്ളത്,.മറ്റൊരു കണ്ടെയിനറില്‍ 27,786 കിലോ ഗ്രാം ഈതൈല്‍ ക്ലോറോ ഫോര്‍മേറ്റും സംഭരിച്ചിട്ടുണ്ട്. ഡൈ മീതൈല്‍ സള്‍ഫേറ്റ്, ഹെക്സാ മെത്തലിന്‍ ഡൈ സോ സയനേറ്റ് എന്നിവയും കത്തുന്ന കപ്പലിനുള്ളില്‍ ഉള്ള രാസ വസ്തുക്കളാണ്.
167 പെട്ടി ലിഥിയം ബാറ്ററി, ബെന്‍സോ ഫെനോണ്‍ എന്നിവ വലിയ പാരിസ്ഥിതക ദുരന്തം ഉണ്ടാക്കാവുന്നവയാണ്.പെയിന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഈഥൈല്‍ മീഥൈല്‍ കീറ്റോണ്‍ 40 കണ്ടെയിനറുളിലായി കപ്പലിലുണ്ട്.12 കണ്ടെയിനറുകളില്‍ നാഫ്ത്തലിന്‍, പാരാ ഫോര്‍മാല്‍ ഡീ ഹൈഡ് എന്നിവ ഉള്ളതും അപകട ഭീഷണി കൂട്ടുകയാണ്. വായു സമ്പര്‍ക്കം ഉണ്ടായാല്‍ തീ പിടിക്കുന്ന 4000 കിലോ രാസ വസ്തുക്കള്‍ കണ്ടെയിനറില്‍ ഉണ്ട് എന്നതും തീ അണയ്ക്കാനുള്ള ശ്രമത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പുറമെ കപ്പലിനുള്ളില്‍ സംഭരിച്ചിരിക്കുന്ന 240 ടണ്‍ ഡീസലും, ഇന്ധന ടാങ്കില്‍ ഉള്ള 2000 ടണ്‍ പെട്രോളും നിലവിലെ സ്ഥിതിയില്‍ കൂടുതല്‍ തീ വ്യാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതായും വിലയിരുത്തലുണ്ട്.
ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 145 കിലോമീറ്ററോളം ഉള്‍ക്കടലില്‍ ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. അപകട സമയത്ത് 22 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു. 10 പേര്‍ ലൈഫ് ബോട്ടിലും എട്ടു പേര്‍ ലൈഫ് റാഫ്റ്റിലും രക്ഷപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായും രണ്ടു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായും വിവരമുണ്ട്. ചികിത്സയ്ക്ക് എല്ലാ സജ്ജീകരണങ്ങളും ഇന്നലെ വൈകിട്ടോടെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഒരുക്കിയിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് പൗരന്മാരാണ് ജീവനക്കാര്‍.
ഇന്നലെ രാവിലെ പത്തോടെയാണ് കപ്പല്‍ അപകടത്തില്‍പെട്ട വിവരം ലഭിക്കുന്നത്. കപ്പലില്‍ ഒന്നിലേറെ സ്ഫോടനം നടന്നതായി സൂചനയുണ്ട്. കപ്പലിലെ കണ്ടെയ്നറുകളില്‍ 20 എണ്ണം കടലില്‍ വീണു. വിവരം കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെും നേവിയുടെയും കപ്പലുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. ഉച്ചയോടെ സ്ഥലത്തെത്തിയെങ്കിലും കപ്പലിനരികിലെത്തിയുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ദൂരെ നിന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.
കോസ്റ്റ് ഗാര്‍ഡിന്റെ സചേത്, അര്‍ണവേശ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത്, സി144 എന്നീ കപ്പലുകളും മൂന്ന് വിമാനങ്ങളും നാവിക സേനയുടെ ഒരു കപ്പലുമാണ് സ്ഥലത്തുള്ളത്. കപ്പലിലുണ്ടായിരുന്ന ഒരു കണ്ടെയ്‌നര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച കപ്പലിന് 20 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിവരം. 269 മീറ്റര്‍ നീളമുള്ള വാന്‍ഹായ് 503 കപ്പലില്‍ അപകടകരവും തീപിടിക്കാവുന്നതുമായ ദ്രാവകങ്ങളും മനുഷ്യ ആരോഗ്യത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളും ഉണ്ടെന്ന് പ്രാഥമിക വിവരം. സ്വയം തീപിടിക്കുന്ന വസ്തുക്കള്‍ കപ്പലില്‍ ഉള്ളതായി കണ്ണൂര്‍ അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ കാപ്റ്റന്‍ അരുണ്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."