ലൈസൻസ് ഓട്ടോ ഓടിക്കാന്‍ മാത്രം; ഡ്രൈവറുടെ ‘ലോക്കർ ബിസിനസ്സിന് പൂട്ടിട്ട് പൊലീസ്
മുംബൈ: യുഎസ് കോൺസുലേറ്റിന് പുറത്ത് സന്ദർശകരുടെ ബാഗുകൾ സൂക്ഷിച്ച് പ്രതിമാസം 5 മുതൽ 8 ലക്ഷം രൂപ വരെ സമ്പാദിച്ചുവെന്ന് അവകാശപ്പെട്ട മുംബൈയിലെ ഓട്ടോ ഡ്രൈവറുടെ ‘ലോക്കർ സർവീസ്’ പോലീസ് നിർത്തിവെച്ചു. ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) യുഎസ് കോൺസുലേറ്റിന് പുറത്ത് നടത്തിയിരുന്ന ഈ ‘നൂതന ബിസിനസ്സ്’ മോഡൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
വെന്യുമോങ്ക് സഹസ്ഥാപകൻ രാഹുൽ രൂപാണി എന്നയാൾ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഈ ഓട്ടോ ഡ്രൈവറുടെ കഥ വൈറലാക്കിയത്.
ഈ ഡ്രൈവർ യുഎസ് കോൺസുലേറ്റിന് പുറത്ത് ഓട്ടോ പാർക്ക് ചെയ്ത്, വിസ അപേക്ഷകർക്ക് ബാഗ് സൂക്ഷിക്കൽ സേവനം നൽകുന്നു. ഒരു ദിവസം 20 മുതൽ 30 വരെ ഉപഭോക്താക്കളെ ലഭിക്കുന്ന അദ്ദേഹം ദിനവും 20,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കുന്നു. ഇത് മാസം ആകുമ്പോഴേക്കും 5 മുതൽ 8 ലക്ഷം രൂപ വരെയാകും.
ഓട്ടോയിൽ 30 ബാഗുകളിൽ കൂടുതൽ സൂക്ഷിക്കാൻ നിയമപരമായി സാധിക്കാത്തതിനാൽ, അടുത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി ചേർന്ന് ഒരു ലോക്കർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബാഗുകൾ അവിടേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. ഓട്ടോ വെറും ഒരു “ഫ്രണ്ട് ഓഫീസ്” മാത്രം. വിസ അപ്പോയിന്റ്മെന്റിനായി കോൺസുലേറ്റിൽ എത്തിയ രൂപാണിയോട്, ബാഗുകൾ അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലെന്നും ലോക്കർ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവർ സമീപിച്ച് രൂപാണിയോട്, പറഞ്ഞത്, “സർ, ബാഗ് എനിക്ക് തരൂ. ഞാൻ സുരക്ഷിതമായി സൂക്ഷിക്കാം. ഒരു ബാഗിന് 1,000 രൂപയാണ് ചാർജ്. ഈ ബിസിനസാണ് മുംബൈ പൊലീസ് നിർത്തിവെക്കാൻ നിർദേശം നൽകിയത്. പോസ്റ്റ് ശ്രദ്ധ നേടുകയും കോടീശ്വരനായ ഹർഷ് ഗോയങ്ക ഉൾപ്പെടെയുള്ളവർ ഇതിനെ ‘ബുദ്ധിമാനായ വ്യക്തി ’എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
എന്നാൽ, വൈറലായ പോസ്റ്റിനെ തുടർന്ന് മുംബൈ പൊലീസ് ഇടപെടുകയും ഓട്ടോ ഡ്രൈവറെക്കൂടാതെ, സമാനമായ ലോക്കർ സേവനങ്ങൾ നടത്തിയിരുന്ന 12 പേരെയും പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ബികെസി പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞതനുസരിച്ച്, കനത്ത സുരക്ഷയുള്ള ഈ പ്രദേശത്ത് പാർക്കിംഗ് കർശനമായി നിരോധിച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവർമാർക്ക് യാത്രക്കാരെ ഇറക്കിവിട്ട് പോകാൻ മാത്രമേ അനുമതിയുള്ളൂ. ലോക്കർ സേവനങ്ങൾ നടത്താനോ അടുത്തുള്ള കടകളിൽ സാധനങ്ങൾ സൂക്ഷിക്കാനോ ഡ്രൈവർമാർക്ക് നിയമപരമായ അനുമതിയില്ല.
“ഓട്ടോ ഡ്രൈവർക്ക് ലോക്കർ സേവനം നടത്താനുള്ള ലൈസൻസ് ഇല്ല, യാത്രക്കാരെ കൊണ്ടുപോകാനുള്ള ലൈസൻസ് മാത്രമാണ് ഉള്ളത്. അതിനാൽ, ഞങ്ങൾ ഇക്കാര്യം അന്വേഷിച്ചു, ഇപ്പോൾ ഈ സേവനം നിർത്തിയിരിക്കുന്നു,” ബികെസി പൊലീസ് ഫ്രീ പ്രസ് ജേണലിനോട് വ്യക്തമാക്കി. തെറ്റായ രീതിയിൽ വസ്തുക്കൾ സൂക്ഷിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. വൈറലായ ഈ ‘ബിസിനസ്സ്’ അവസാനം, നിയമപരമായ അനുമതിയില്ലാതെ ഇത്തരം സേവനങ്ങൾ നടത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒരു ഓർമപ്പെടുത്തലായി മാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."