ഇന്‍ഡിഗോ പ്രതിസന്ധി തുടരുന്നു; ഇന്ന് റദ്ദാക്കിയത് 400 ലേറെ ഫ്‌ളൈറ്റുകള്‍
ന്യൂഡല്‍ഹി: എയര്‍ലൈനിന്റെ പ്രവര്‍ത്തന തടസ്സങ്ങള്‍ ഏഴാം ദിവസത്തിലേക്ക്. ഇന്ന് 400-ലധികം ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. അതേസമയം, എയര്‍ലൈന്‍ സി.ഇ.ഒയ്ക്ക് ഡി.ജി.സി.എ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കമ്പനിക്ക് വിപണി മൂല്യത്തില്‍ 4.3 ബില്യണ്‍ ഡോളര്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യവ്യാപകമായി വിമാന സര്‍വിസുകള്‍ റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്കെതിരേ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ഡി.ജി.സി.എ രൂപീകരിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വിമാനക്കമ്പനിക്കെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള യാത്രക്കാര്‍ കടുത്ത മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുകയും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്തു. ഇന്‍ഡിഗോ കാരണമാണ് അവര്‍ക്ക് പീഡനം സഹിക്കേണ്ടിവന്നത്. കടമകള്‍ നിര്‍വഹിക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വീഴ്ചപറ്റിയെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി, വിമാനക്കമ്പനി നിര്‍വഹിക്കുമെന്ന് പ്രതീക്ഷിച്ച ചില ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ചൂണ്ടിക്കാട്ടി.
സര്‍വിസുകള്‍ മുടങ്ങിയതില്‍ ഇന്‍ഡിഗോയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കുന്നതും കമ്പനിക്ക് കനത്തപിഴ ചുമത്തുന്നതും ഉള്‍പ്പെടെയുള്ള നടപടികളും കേന്ദ്രം പരിഗണിക്കുന്നുണ്ട്.
അതേസമയം, പ്രതിസന്ധി തുടങ്ങി ഒരാഴ്ചയായിട്ടും ഇന്‍ഡിഗോയുടെ സര്‍വിസുകള്‍ സാധാരണനില കൈവന്നില്ല.സര്‍വിസുകള്‍ 75 ശതമാനം സാധാരണനില കൈവരിച്ചതായി ഇന്‍ഡിഗോ അവകാശപ്പെട്ടെങ്കിലും കേരളത്തിലെ നഗരങ്ങളിലേക്കുള്‍പ്പെടെ 650 വിമാനങ്ങളാണ് ഇന്നലെയും റദ്ദാക്കിയത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി വിമാനങ്ങളുടെ റദ്ദാക്കലും വൈകലും തുടരുന്നതിനിടെ ഇന്‍ഡിഗോയുള്‍പ്പെടെയുള്ള സ്വകാര്യ വിമാനക്കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരെയും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ), സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും പാര്‍ലമെന്ററി സമിതി വിളിപ്പിച്ചു. ജെ.ഡി.യു നേതാവ് സഞ്ജയ് ഝായുടെ അധ്യക്ഷതയിലുള്ള ഗതാഗത, ടൂറിസം കാര്യങ്ങള്‍ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇവരെ വിളിപ്പിച്ചത്. വിമാന സര്‍വിസുകള്‍ തടസ്സപ്പെട്ടതുമൂലം ആയിരക്കണക്കിന് യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സമിതിയിലെ ഒരംഗം പറഞ്ഞു.
പ്രശ്നപരിഹാര സമിതി രൂപീകരിച്ച് ഇന്‍ഡിഗോ
ന്യൂഡല്‍ഹി: പ്രതിസന്ധി ഒഴിയാതെ വന്നതോടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചെയര്‍മാന്‍ വിക്രം സിങ് മേത്ത, സി.ഇ.ഒ തുടങ്ങിയ ഉന്നതരെ ഉള്‍പ്പെടുത്തി പ്രത്യേകസമിതി രൂപീകരിച്ച് ഇന്‍ഡിഗോ. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി സമിതി ഇടവിട്ട് യോഗം ചേരും. പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ശ്രമം നടത്തും.
the operational crisis at indigo persists as the airline cancelled more than 400 flights today, causing major travel disruptions across the country. passengers have been facing delays, last-minute changes, and increased uncertainty as the situation remains unresolved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."