പേപ്പട്ടിയെ തല്ലിക്കൊന്നു: കൊല്ലത്ത് സ്ഥാനാർഥിക്കെതിരെ കേസ്; ബിഎൻഎസ് വകുപ്പ് പ്രകാരം നടപടി
ശാസ്താംകോട്ട: നാട്ടിൽ ഭീതി പരത്തുകയും നിരവധി പേരെ കടിക്കുകയും ചെയ്ത തെരുവുനായയെ തല്ലിക്കൊന്നെന്ന മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ശാസ്താംകോട്ട പൊലിസ് കേസെടുത്തു. പടിഞ്ഞാറെ കല്ലട കാരാളിമുക്ക് ടൗൺ വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയായ സുരേഷ് ചന്ദ്രനെ (UDF candidate Suresh Chandran) പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവം ഇങ്ങനെ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാരാളിമുക്കിലും പരിസരത്തും അലഞ്ഞുനടന്ന ഈ തെരുവുനായ ഒട്ടേറെപ്പേരെ കടിച്ചിരുന്നു. യുവതിക്കും വയോധികനും ഉൾപ്പെടെ സാരമായ പരിക്കുകൾ ഏറ്റിരുന്നു.സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ പല കോണുകളിൽ സഹായം തേടിയിട്ടും നായയെ പിടികൂടാൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
തുടർന്നാണ് സ്ഥാനാർഥി ഉൾപ്പെടെ നാട്ടുകാരായ ഒരു സംഘം യുവാക്കൾ നായയെ തിരഞ്ഞുപോയത്.
നായയുടെ മരണം
നായയെ ഒരു വീടിന് സമീപം കണ്ടെത്തിയെന്നും അടുത്തെത്തിയപ്പോൾ തങ്ങൾക്കുനേരെ പാഞ്ഞടുത്ത നായയുടെ കടിയേൽക്കാതിരിക്കാൻ ചെറുക്കുന്നതിനിടെ ചാവുകയായിരുന്നു എന്നുമാണ് സുരേഷ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകുന്ന വിശദീകരണം.നാട്ടുകാർ നായയുടെ ജഡം ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നായക്ക് പേവിഷബാധ (Rabies) സ്ഥിരീകരിച്ചു.
നിയമനടപടി
ഇതിനിടെ ചിലർ മൃഗസ്നേഹികളുടെ സംഘടനയ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കളക്‌ടർ റിപ്പോർട്ട് തേടി.ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, മൃഗത്തെ കൊന്നതിന് ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) 325 വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."