അവസാന നിമിഷം തുക കൂട്ടി സ്വകാര്യ ട്രാവല്‍സ്; നിരവധി പേരുടെ ഹജ്ജ് യാത്ര മുടങ്ങി
വെഞ്ഞാറമൂട്: സ്വകാര്യ ട്രാവല്‍സ് കാലുമാറിയതിനെ തുടര്‍ന്ന് നിരവധി പേരുടെ ഹജ്ജ് യാത്ര മുടങ്ങി. അവസാന നിമിഷം ട്രാവല്‍സ് കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് വെഞ്ഞാറമൂടുള്ള ഇരുപത്തിയഞ്ചോളം പേരുടെ യാത്ര മുടങ്ങിയത്.
ഹജ്ജ് യാത്രക്കായി 2.95 ലക്ഷം രൂപയാണ് തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ട്രാവല്‍സ് ആവശ്യപ്പെട്ടിരുന്നത്. ഇതു പ്രകാരം ഏജന്റ് വഴി ഇവര്‍ കരാറിലേര്‍പ്പെടുകയായിരുന്നു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം രൂപ അഡ്വാന്‍സും നല്കി. ബാക്കിതുക യാത്രതിരിക്കുന്നതിന് മുമ്പ് നല്‍കണമെന്നായിരുന്നു ട്രാവല്സുകാര് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവര്‍ ഹജ്ജ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇന്നലെ യാത്ര തിരിക്കാമെന്നായിരുന്നു ട്രാവല്‍സ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് പ്രതിരോധ കുത്തിവയ്പും യാത്രചോദിപ്പും മറ്റും നടത്തി യാത്രയ്ക്ക് ഒരുങ്ങിയവരോട് ട്രാവല്സുകാര് കൂടുതല്‍ പണം ആവശ്യപ്പെടുകയായിരുന്നു. ആദ്യം പറഞ്ഞ 2.95 ലക്ഷത്തിന്റെ സ്ഥാനത്ത് 3.80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക നല്‍കിയവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ അട്ടക്കുളങ്ങര പൊലിസില്‍ പരാതി നല്കി. അതേ സമയം പൊലിസ് തങ്ങള്‍ക്കനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."