ഡിങ്കന് ശശി ജീവിച്ചിരിപ്പുണ്ടോ...? നേരറിയാന്‍ ഡിവൈ.എസ്.പി
കണ്ണൂര്‍: അധ്യാപികയായ ഹേമജയെ ഏഴുവര്‍ഷം മുന്‍പ് വധിച്ച കേസിലെ മുഖ്യപ്രതിയായ ഭര്‍ത്താവ് ഡിങ്കന് ശശി എന്ന ശശീന്ദ്രന് ജീവിച്ചിരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അവ്യക്തത. ശശിയെ കണ്ടെത്താനായി കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമായി. ഹേമജയുടെ മരണത്തെക്കുറിച്ച് നല്കിയ 'സുപ്രഭാതം' വാര്‍ത്തയെ തുടര്‍ന്നാണ് ഡിവൈ.എസ്.പി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്. 2009 സെപ്റ്റംബര്‍ അഞ്ചിനാണ് കണ്ണൂര്‍ സിറ്റി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ഉരുവച്ചാല്‍ ചന്ദ്രപുരത്തില്‍ എ.വി ഹേമജ (45)യെ ഓമ്നി വാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഡിങ്കന് ശശി സംഭവത്തിനുശേഷം സ്വന്തം മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് വ്യക്തമല്ലായെന്ന് കേസന്വേഷിക്കുന്ന ഡിവൈ.എസ്.പി പി.പി സദാനന്ദന് സുപ്രഭാതത്തോട് പറഞ്ഞു. സംഭവത്തിനുശേഷം നാട്ടിലുള്ള ആരുമായും ഇയാള്‍ ബന്ധപ്പെടാതിരുന്നതും ഇയാളുടെ പേരിലുള്ള സ്വത്ത് അടുത്തദിവസം ഒരു സ്ത്രീ വില്പന നടത്തിയതും ഡിങ്കന്ശശി ജീവിച്ചിരിപ്പുണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്. എന്നാല്‍ ഇയാള്‍ മരിച്ചെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. കൊല നടന്നപ്പോള്‍ കണ്ണൂര്‍ സിറ്റി സി.ഐയാണ് കേസന്വേഷിച്ചത്. എന്നാല്‍ ഇതുവരെ കൊലയാളിയെ പിടികൂടാന്‍ പൊലിസിനു കഴിഞ്ഞില്ല. ഹേമജയുടെ കൊലയാളിയെ കണ്ടെത്തുന്നതിനായി പൊലിസ് ഇരുട്ടില്‍ തപ്പി അവസാനിപ്പിക്കുകയായിരുന്നു.
വിവിധ സി.ഐമാര്‍ അന്വേഷിച്ച കേസാണ് ഇപ്പോള്‍ കണ്ണൂര്‍ ഡിവൈ.എസ്.പി സദാനന്ദന് ഏറ്റെടുത്തത്. കൂട്ടുപ്രതി ആലക്കോട് വെള്ളാട് സ്വദേശി ടി.എന്‍ ശശിയെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പൊലിസ് പിടികൂടിയിരുന്നു. ശശിയില്‍നിന്നാണ് കൃത്യം നിര്‍വഹിച്ചത് ഹേമജയുടെ ഭര്‍ത്താവാണെന്ന വിവരം ലഭിച്ചത്. പ്രധാന പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരും വിദ്യാര്‍ഥികളും കര്‍മസമിതി രൂപീകരിച്ച് നിരവധി സമരങ്ങളും നടത്തി. വീടിനടുത്തായി ചൊവ്വ സ്പിന്നിങ് മില്ലിന് സമീപം നിര്‍ത്തിയിട്ട വാനിലാണ് ഹേമജയുടെ മൃതദേഹം കാണപ്പെട്ടത്. തലേദിവസം പുലര്‍ച്ചെ ഒന്നുവരെ ഹേമജയും ഭര്‍ത്താവും ഉരുവച്ചാലിലെ വീട്ടിലുണ്ടായിരുന്നു. രാവിലെയാണ് ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയുന്നത്. ഹേമജയുടെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ ശശീന്ദ്രനെ ഏല്‍പ്പിച്ചിരുന്നതായി അന്വേഷണത്തില്‍ പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതു തിരിച്ചുനല്‍കാന്‍ ഹേമജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായി. ഇതിനിടെയാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പോകാനെന്നു പറഞ്ഞ് ഇയാള്‍ ഹേമജയുമായി വാനില്‍ പുറപ്പെട്ടത്. കൈയില്‍ കരുതിയ വാക്കത്തി ഉപയോഗിച്ചാണ് ഡിങ്കന് ശശി കൊല നടത്തിയതെന്ന് കൂട്ടുപ്രതിയായ ശശി പൊലിസിന് മൊഴി നല്‍കിയിരുന്നു. കേസന്വേഷണം സി.ബി.ഐക്കോ ക്രൈംബ്രാഞ്ചിനോ കൈമാറണമെന്ന ആവശ്യവുമായി കര്‍മസമിതി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ ഇത്തരമൊരു അന്വേഷണത്തിന് പ്രസക്തിയില്ലെന്നായിരുന്നു പോലീസിന്റെ വാദം. ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കേസന്വേഷണം കാര്യക്ഷമമാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സിറ്റി സി.ഐമാരെ അടിക്കടി സ്ഥലംമാറ്റിയതോടെ പ്രതിക്കായുള്ള അന്വേഷണം വഴിമുട്ടുകയും ചെയ്തു. ഇതോടെ ഹേമജ പഠിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്നലെ ഒത്തുചേര്‍ന്ന് പുതിയ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം വന്നതോടെ പ്രക്ഷോഭ പരിപാടികള്‍ താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."