വാര്‍ഷിക പദ്ധതി അംഗീകാരം നേടാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അംഗീകാരം നേടാന്‍ ഇനി രണ്ടു ദിവസത്തെ സമയം മാത്രം ബാക്കി നില്‍ക്കുമ്പോഴും ജില്ലയിലെ പകുതിയിലധികം തദ്ദേശസ്ഥാപനങ്ങളും ഇതുവരെ അംഗീകാരം നേടിയില്ല. ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ഏറ്റവും അവസാനം ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. ഇതുള്‍പ്പെടെ ജില്ലയില്‍ ആകെയുള്ള 122 തദ്ദേശ സ്ഥാപനങ്ങളില്‍ 55 എണ്ണമാണ് ഇതുവരെ അംഗീകാരം നേടിയത്. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ഡി.പി.സിയില്‍ 27 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ അംഗീകാരം നേടിയിരുന്നു. 20 ഗ്രാമപഞ്ചായത്തുകളുടെയും നാലു ബ്ലോക്ക് പഞ്ചായത്തുകളുടേയും നാലു നഗരസഭകളുടെയും പദ്ധതികളാണ് ഇന്നലെ അംഗീകരിച്ചത്. തുവ്വൂര്‍, അരീക്കോട്, പുല്‍പറ്റ, തിരുവാലി, തേഞ്ഞിപ്പലം, നന്നമ്പ്ര, മൂര്‍ക്കനാട്, ആനക്കയം, തലക്കാട്, കീഴ്പറമ്പ്, ആലങ്കോട്, നന്നംമുക്ക്, എടപ്പറ്റ, മുത്തേടം, വേങ്ങര, പൂക്കോട്ടൂര്‍, മാറഞ്ചേരി, ഒതുക്കുങ്ങല്‍, ആലിപ്പറമ്പ്, താഴേക്കോട് എന്നീ പഞ്ചായത്തുകളാണ് ഇന്നലെ അംഗീകാരം നേടിയത്. നഗരസഭകളില്‍ കൊണ്ടോട്ടി, നിലമ്പൂര്‍, കോട്ടക്കല്‍, മലപ്പുറം എന്നിവയും വണ്ടൂര്‍, കൊണ്ടോട്ടി, മങ്കട, കുറ്റിപ്പുറം എന്നീ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഇന്നലെ അംഗീകാരം കിട്ടി. ഈ മാസം ഒമ്പതു വരെയാണ് പദ്ധതികള്‍ക്ക് അംഗീകാരം നേടാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ ഈ സമയത്തിനകം അംഗീകാരം നേടാനാവില്ല.
പദ്ധതി അംഗീകാരം നേടാനുള്ള സമയ പരിധി സര്‍ക്കാര്‍ ഇതിനകം നാലു തവണ നീട്ടിയിട്ടുണ്ട്. ഒടുവില്‍ പ്രഖ്യാപിച്ച തിയതിയാണ് ഈ മാസം ഒമ്പത്. എന്നാല്‍ ഈ തിയതിക്കുള്ളിലും അംഗീകാരം നേടാനാവാത്ത സ്ഥിതിയിലാണു ജില്ലയിലെ മിക്ക പഞ്ചായത്തുകളും. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നു മുടങ്ങിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ചില പരിഷ്‌കരണങ്ങള്‍ വരുത്തി. തദ്ദേശ സ്ഥാപനങ്ങള്‍ ബജറ്റ് വകയിരുത്തല്‍ പ്രകാരം പദ്ധതികള്‍ ക്രോഡീകരിച്ച് അംഗീകാരത്തിനുള്ള നടപടികളിലേക്കു നീങ്ങിയതിനു ശേഷമായിരുന്നു സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍. ഇതനുസരിച്ച് പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതി മാറ്റേണ്ടി വന്നു. ഏറ്റവും അവസാനം തെരുവുനായകളെ നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതിക്കും തുക ഉള്‍പ്പെടുത്താനുള്ള നിര്‍ദേശമുണ്ടായി. ഇതും തദ്ദേശ സ്ഥാപനങ്ങളെ കുഴക്കി. ഒട്ടേറെ കടമ്പകള്‍ കടന്നാണു വാര്‍ഷിക പദ്ധതി തയാറാക്കുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ ഒട്ടുമിക്കവയും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണു സര്‍ക്കാറിന്റെ പുതിയ ഭേദഗതികള്‍ വന്നത്. പദ്ധതി അംഗീകാരം ലഭിക്കാന്‍ വൈകിയാല്‍ കാര്‍ഷിക മേഖലക്കടക്കം പല പദ്ധതികള്‍ക്കും പ്രതിസന്ധിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."