കള്ളവോട്ടില്‍ കളംപിടിക്കാമോ?
കണ്ണൂര്‍: തെരഞ്ഞെടുപ്പ് കാലത്ത് പതിവായി കേള്‍ക്കുന്ന ആരോപണങ്ങളിലൊന്ന് കള്ളവോട്ടിനെക്കുറിച്ചാണ്. തദ്ദേശം മുതല്‍ ലോക്സഭ വരെയുള്ള തെരഞ്ഞെടുപ്പുകാലത്തെ കള്ളവോട്ട് പഴിയില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ മുക്തമല്ല. മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്കു നേരെയാണ് പലപ്പോഴും ആരോപണങ്ങളുടെ കുന്തമുന നീളുക. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കള്ളവോട്ടു കേസുകളുടെ എണ്ണം തുലോം കുറവാണ്.
ഉത്തരേന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മത്സരിക്കുന്ന വ്യക്തിയുടെയോ ഗുണ്ടാസംഘങ്ങള്‍ വോട്ടര്‍മാരെ ഭയപ്പെടുത്തി ഓടിച്ച്, ബൂത്ത് പിടിക്കുന്ന രീതി പതിവായിരുന്നു. ബൂത്ത് തിരിച്ചുപിടിക്കാന്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ സംഘം കൂടിയെത്തിയാല്‍ അക്രമങ്ങളിലേക്കും കൊലയിലേക്കും വഴിമാറുന്നതും രാജ്യം പലതവണ കണ്ടതാണ്. തെരഞ്ഞെടുപ്പു കമ്മിഷന്റെ നിരീക്ഷണസംവിധാനങ്ങള്‍ കര്‍ശനമാവുകയും ജനങ്ങള്‍ കുറേക്കൂടി ജാഗരൂകരാകുകയും ചെയ്തതോടെ ഓരോ തെരഞ്ഞെടുപ്പിനു ശേഷവും കേരളത്തില്‍ കള്ളവോട്ടുകളുടെ എണ്ണം നാമാവശേഷമാകുക തന്നെയാണ്.
വിജയിയെ നിര്‍ണയിക്കുന്ന തരത്തില്‍ വ്യാപക ബൂത്തുപിടിത്തമോ കള്ളവോട്ടോ സംസ്ഥാനത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും സാക്ഷ്യപ്പെടുത്തുന്നു. ആരോപണമുള്ള മണ്ഡലങ്ങളില്‍ പരമാവധി നൂറോ ഇരുന്നൂറോ എണ്ണം മാത്രമേ കള്ളവോട്ട് ആകാറുള്ളൂ. ശരാശരി അയ്യായിരത്തിനുമേല്‍ ഭൂരിപക്ഷത്തിനാണ് ഒട്ടുമിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ ജയിക്കുന്നതെന്നതിനാല്‍ ഈ തെരഞ്ഞെടുപ്പിലും കള്ളവോട്ട് ഒരു മുന്നണിക്കും ഭീഷണിയാകാനിടയില്ല.
കള്ളവോട്ട് വഴികള്‍
സ്ഥലത്തില്ലാത്തവരുടെയോ പോളിങ് സമയം കഴിയാറായിട്ടും ബൂത്തിലെത്താത്തവരുടെയോ വോട്ടുകളാണ് സാധാരണ കള്ളവോട്ടിന്റെ കള്ളിയില്‍ പെടുക. മുമ്പൊക്കെ മരിച്ചവരുടെ വോട്ടും കള്ളവോട്ടാകാറുണ്ടെങ്കിലും 2019 മുതല്‍ വോട്ടേഴ്സ് ലിസ്റ്റ് കൃത്യവും കണിശവുമായതിനാല്‍ ഇത്തവണ അതിനും സാധ്യതയില്ല. പോളിങ് ഉദ്യോഗസ്ഥരായെത്തുന്നവരുടെ രാഷ്ട്രീയ ചായ്വുകൂടി മുന്‍കാലങ്ങളില്‍ കള്ളവോട്ടിന് സഹായകമായിരുന്നു. മലബാറില്‍ സി.പി.എമ്മിന് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് പൊതുവേ കള്ളവോട്ട് ആരോപണം ഉയരാറുണ്ടായിരുന്നത്.
പ്രത്യേകിച്ച് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍. ഇത്തരം ബൂത്തുകളില്‍ പലപ്പോഴും എതിര്‍പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കാറില്ല. ഇരുന്നാല്‍തന്നെ, പോളിങ് ആരംഭിച്ച് അല്‍പം കഴിയുമ്പോഴേക്കും ഭീഷണിയും മര്‍ദനവും ഭയന്ന് അവര്‍ക്ക് ബൂത്ത് വിടേണ്ടിവരും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലായി സി.പി.എം 200 കള്ളവോട്ട് ചെയ്തതായി യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. കേസ് കോടതിക്കുമുന്നിലാണ്. സി.പി.എം കഴിഞ്ഞാല്‍ കള്ളവോട്ട് ആരോപണം നേരിടുന്ന മറ്റൊരു പാര്‍ട്ടി മുസ്ലിംലീഗ് ആണ്. 2019ല്‍ തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള യു.പി.എസില്‍ 12 കള്ളവോട്ടുകള്‍ ചെയ്തെന്ന കേസില്‍ ഒമ്പത് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. സംസ്ഥാനത്ത് ഒന്നുരണ്ട് ബൂത്തിലെങ്കിലും കോണ്‍ഗ്രസും കള്ളവോട്ട് ആക്ഷേപം കേട്ടിട്ടുണ്ട്.
68ാം തവണയും മാറ്റി 57 കള്ളവോട്ട് കേസ്
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ ഏരുവേശ്ശി കെ.കെ.എന്‍.എം എ.യു.പി സ്‌കൂളിലെ 109ാം ബൂത്തില്‍ സി.പി.എം 57 കള്ളവോട്ടുകള്‍ ചെയ്തെന്ന കേസ് ഹൈക്കോടതി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റിവച്ചത് കഴിഞ്ഞയാഴ്ചയാണ്. 68ാം തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്. 20 സി.പി.എം പ്രവര്‍ത്തകരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 25 പേര്‍ പ്രതികളായ കേസാണിത്.
പഴുതടച്ച ക്രമീകരണം
ഇത്തവണ സംസ്ഥാനത്തെ ഏതാണ്ടെല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുന്നതിനാല്‍ കള്ളവോട്ട് സാധ്യത ഒരു ശതമാനം പോലുമില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുപറയുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ബൂത്തുകളില്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അത്തരം ബൂത്തുകളില്‍ ബദലായി സി.സി.ടി.വി, വിഡിയോ ഷൂട്ടിങ് എന്നിവയും സജ്ജമാക്കും. പ്രശ്നബാധിത ബൂത്തുകളില്‍ മുന്‍കാലങ്ങളിലെപ്പോലെ കേന്ദ്രസേന ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യേഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."