സംസ്ഥാനത്ത് നാല് ജില്ലകളില്‍ കടലാക്രമണം; വീടുകള്‍ തകര്‍ന്നു, 'കള്ളക്കടല്‍' പ്രതിഭാസമെന്ന് വിശദീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ രൂക്ഷമായ കടലാക്രമണം. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കടലാക്രമണമുണ്ടായത്. തിരുവനന്തപുരത്ത് പൊഴിയൂര്‍ മുതല്‍ പുല്ലുവിള വരെ തീരത്തെ പല വീടുകളില്‍നിന്നും ആളുകളെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. ശക്തമായ തിരയടിച്ച് തീരത്തുണ്ടായിരുന്ന നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവളത്തും വര്‍ക്കലയിലും കടലില്‍ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ആലപ്പുഴയില്‍ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണമുണ്ടായി. പുറക്കാട് തീരത്ത് വീണ്ടും കടല്‍ ഉള്‍വലിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത് പരിഭ്രാന്തിപരത്തി. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ ഭാഗത്ത് കടല്‍ ഉള്‍വലിയുന്നത്. കടല്‍ പ്രക്ഷുബ്ധമാകുന്നതു കണ്ട് 200 ഓളം വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ടൂറിസം കേന്ദ്രമായ ഫോര്‍ട്ട്‌കൊച്ചിയിലും കടലില്‍ ഇറങ്ങുന്നതില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
തൃശൂര്‍ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തില്‍ മത്സ്യബന്ധന വലകള്‍ക്ക് കേടുപാടുണ്ടായി. കടല്‍ഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടല്‍ച്ചുഴിയും രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടലാക്രമണം രണ്ടു ദിവസം കൂടി തുടരാനാണ് സാധ്യത.
അതേ സമയം കടലാക്രമണത്തില്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധയിടങ്ങളിലായി ഇപ്പോള്‍ കാണുന്ന കടലാക്രമണം 'കള്ളക്കടല്‍' പ്രതിഭാസമാണെന്നും അധികൃതര്‍ വിശദീകരിച്ചു.സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസമുണ്ടാക്കുന്നത്. അപ്രതീക്ഷിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ 'കള്ളക്കടല്‍' എന്ന് വിളിക്കുന്നത്. സുനാമിയുമായി ഇതിന് സാമ്യമുണ്ടെങ്കിലും അത്രത്തോളം ഭീകരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. 2018ല്‍ കേരളത്തിന്റെ തീരദേശമേഖലകളില്‍ 'കള്ളക്കടല്‍ പ്രതിഭാസം' വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് ഇപ്പോഴുണ്ടായ കടലാക്രമണങ്ങളുടെ കാരണമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."