വിസി നിയമനം; ഗവർണർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കറുമായി സംസ്ഥാന മന്ത്രിമാർ ഇന്ന് ചർച്ച നടത്തും. മന്ത്രിമാരായ പി രാജീവ്, ആർ ബിന്ദു എന്നിവരാണ് ഗവർണറുമായി ചർച്ച നടത്തുക. രാജേന്ദ്ര ആർലേക്കറുമായുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇരുവരെയും നിയോഗിച്ചിരിക്കുന്നത്.
വിസി നിയമനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ സമ്മതമാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ രാജ്ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്. വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കായി ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഷർമിള മേരി ജോസഫിനോട് രാജ്‌ഭവനിൽ എത്താനായി ഗവർണർ നിർദ്ദേശം നൽകുകയും ചെയ്തു.
എന്നാൽ ഈ വിഷയത്തിൽ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിന് പിന്നാലെ ചർച്ചകൾക്ക് താൻ എത്തില്ലെന്ന് ഡോ ഷർമിള ജോസഫ് അറിയിച്ചു. സർക്കാരും ചാൻസലറായ ഗവർണറും തർക്കങ്ങൾ ഉണ്ടാവാതെ പരസ്പരം സഹകരിച്ചുകൊണ്ട് രണ്ടിടത്തും സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."