അഞ്ചുകോടി കുട്ടികള്‍ അലയുകയാണ്, അഭയമില്ലാതെ- INFOGRAPHICS
ആഭ്യന്തര യുദ്ധത്തിലും കലഹത്തിലും പെട്ട് വഴിമുട്ടുന്ന കുട്ടികളുടെ ഭീതിപ്പെടുത്തുന്ന കണക്കുകളാണ് യുനിസെഫില്‍ നിന്ന് പുറത്തുവരുന്നത്. ലോകത്താകമാനം അഞ്ചു കോടി കുട്ടികള്‍ വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ടുവെന്നാണ് പുതിയ കണക്ക്.
കലാപരൂക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് സമാധാന ഇടം തേടിയാണ് 2.8 കോടി കുട്ടികളും വീടുകളില്‍ നിന്ന് ഇറങ്ങിയത്.
അഭയാര്‍ഥികളാവുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അഭയാര്‍ഥി കുട്ടികളുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുവര്‍ഷം മുന്‍പ് 40 ലക്ഷമായിരുന്ന അഭയാര്‍ഥി കുട്ടികളുടെ എണ്ണം 82 ലക്ഷമായി ഉയര്‍ന്നു.
സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ ഇത് ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ഒരു കോടി അഭയാര്‍ഥി കുട്ടികളുടെയും പത്തുലക്ഷം ആശ്രിത അന്വേഷികളായ കുട്ടികളുടെയും ഇപ്പോഴത്തെ അവസ്ഥ തന്നെ അറിയാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. 1.7 കോടി കുട്ടികളും അഭയാര്‍ഥികളായത് അവരുടെ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര കലഹത്തില്‍പ്പെട്ടാണ്.
45 ശതമാനം അഭയാര്‍ഥി കുട്ടികളും രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രക്തരൂക്ഷിതമായ സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രക്ഷതേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അലഞ്ഞവരാണധികവും.
കൂട്ടിനാരുമില്ലാതെ 78 രാജ്യങ്ങളില്‍ ആശ്രയത്വം തേടിയ കുട്ടികളുടെ എണ്ണം 2014 നെ സംബന്ധിച്ച് മൂന്നു മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഒരു ലക്ഷം കുട്ടികള്‍ ഇങ്ങനെയുണ്ടെന്നാണ് കണക്ക്. ഇവരുടെ പക്കല്‍ തിരിച്ചറിയില്‍ രേഖകളോ മറ്റോ ഇല്ലതാനും.
യുദ്ധം, ദാരിദ്ര്യം, കലഹം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ എന്തു പ്രശ്‌നമുണ്ടായാലും അതില്‍ ഒരു ഉത്തരവാദിത്തവുമില്ലാത്ത കുട്ടികള്‍ വഴിമുട്ടിപ്പോകുന്നു.
രണ്ടു കോടി കുട്ടികള്‍ കുടിയേറ്റക്കാരായി പോയവരാണ്. ദാരിദ്ര്യം, കൂട്ടക്കലഹം എന്നിവയില്‍പ്പെട്ടാണ് ഇവര്‍ വീടുവിട്ട് മറ്റൊരു ഇടം തപ്പിപ്പോയത്.
അഭയാര്‍ഥികളായാലും കുടിയേറിപ്പോകുന്നവരായാലും കുട്ടികള്‍ ഒരുപാട് ദുരന്തങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു. ചിറകുവിരിയാത്ത പ്രായത്തില്‍ തന്നെ ദുരിതത്തില്‍പ്പെടുമ്പോള്‍ സമാധാനം തേടിയാണ് മറ്റൊരു ഇടം തേടി അലയുന്നത്.
എന്നാല്‍ പിന്നീട് ഇവര്‍ നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്നു. തട്ടിക്കൊണ്ടുപോവല്‍, കൊല, റേപ്പ് എന്നിവയ്ക്ക് ഇരയാവുന്നവരാണ് അധികവും. ഇനി ജീവിച്ചാല്‍ തന്നെ നിര്‍ജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവ ഇവരുടെ ജീവിതത്തെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."