തെരുവു നായ്ക്കളെ സര്‍ക്കാര്‍ സംരക്ഷിക്കണം
ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലുമെന്ന നിലപാടെടുത്ത ഇടതുപക്ഷ സര്‍ക്കാര്‍ അതില്‍നിന്നും പിന്മാറും വിധമുള്ള സത്യവാങ്മൂലമാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കേരളീയ സമൂഹത്തില്‍ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ദിനേനയെന്നോണം തെരുവ് പട്ടികളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. വീടിനകം പോലും സുരക്ഷിതമല്ലാത്ത അവസ്ഥ. പേടിയോടെയാണ് ജനം വഴിനടക്കുന്നത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയും വീടിനകത്ത് ഉറങ്ങുകയും ചെയ്യുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പട്ടികളുടെ കടിയേല്‍ക്കുന്നു. മാരകമായ പരുക്കുകളോടെ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന അവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പലതിലും മതിയായ വാക്‌സിനുകള്‍ ഇല്ലാത്തതു കാരണം ഭീമമായ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിലുമാണ്. കഴിഞ്ഞ മാസം കാഞ്ഞിരക്കുളത്ത് വീട്ടമ്മയെ തെരുവ് നായക്കള്‍ കടിച്ചുകീറി കൊന്നത് വാര്‍ത്താ പ്രാധാന്യം നേടിയതോടെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അക്രമകാരികളായ തെരുവുനായക്ക്‌ളെ കൊല്ലുമെന്നും ഇക്കാര്യം മന്ത്രിസഭ ഉടന്‍ തീരുമാനിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതറിഞ്ഞ കേന്ദ്ര ശിശുക്ഷേമവകുപ്പ് മന്ത്രി മേനകാഗാന്ധിയും സുപ്രിംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷണും കേരള സര്‍ക്കാരിനെതിരേ താക്കീതുനല്‍കുംവിധമാണ് പ്രതികരിച്ചത്.
ശീതീകരിച്ച വീടുകളില്‍ നിന്നും ശീതീകരിച്ച കാറില്‍ കയറി ഓഫീസുകളിലേക്കും കോടതികളിലേക്കും യാത്രചെയ്യുന്നവര്‍ക്ക് പട്ടികളുടെ കടി പേടിക്കേണ്ടതില്ല. അന്നന്നത്തെ അഷ്ടിക്കുവേണ്ടി പകലന്തിയോളം പണിയെടുക്കുന്ന സാധാരണക്കാര്‍ തൊഴിലിടങ്ങളിലേക്ക് നടന്നുപോകുമ്പോഴാണ് തെരുവ് പട്ടികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. വമ്പന്‍ ഗേറ്റും ചുറ്റുമതിലുകളുമില്ലാത്ത കുടിലുകളിലെ മുറ്റങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെയാണ് തെരുവ് പട്ടികള്‍ കടിച്ചുകീറുന്നത്.
പട്ടിസ്‌നേഹികള്‍ പട്ടികളെ കൊല്ലരുതെന്നു പറയുന്നതോടൊപ്പം തന്നെ ഇത്തരം പട്ടികളെ സംരക്ഷിക്കേണ്ട ബാധ്യതയും ഏറ്റെടുക്കേണ്ടതുണ്ട്. സര്‍ക്കാരിനോടൊപ്പം ചേര്‍ന്നോ സന്നദ്ധ സംഘടനകള്‍ക്കൊപ്പമോ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന വന്ധ്യംകരണത്തിന് പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതാണ്. അതൊന്നും ചെയ്യാതെ മണിമാളികകളില്‍ ഇരുന്ന് പട്ടിസ്‌നേഹം പറയുന്നത് പേവിഷബാധയ്ക്കുള്ള മരുന്നു വില്‍പ്പനക്കമ്പനികളെ സഹായിക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തള്ളിക്കളയാനും പറ്റില്ല. തെരുവ് നായ ശല്യം സംബന്ധിച്ച വാര്‍ത്തകള്‍ പണം വാങ്ങി പ്രസിദ്ധീകരിക്കുന്നതാണെന്ന മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്നതല്ല.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതു സംബന്ധിച്ച് സൂചനകളെന്നും നല്‍കിയിരുന്നില്ല. കേരള ഹൈക്കോടതി ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാമെന്ന് വിധി പറഞ്ഞിട്ടുണ്ട്. ഇത് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇതുവരെ പരിഗണിക്കാത്ത സ്ഥിതിക്ക് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ ആക്രമണകാരിയായ പട്ടി പലരെയും കടിച്ചു കഴിഞ്ഞതിന് ശേഷമാണ് അത്തരത്തില്‍ തിരിച്ചറിയപ്പെടുന്നത്. ആക്രമണകാരിയെന്ന് തെളിയിക്കപ്പെട്ട ശേഷം മാത്രമേ പട്ടിയെ കൊല്ലാന്‍ പാടുള്ളൂ എന്ന നയം പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമുള്ള സ്ഥിതിക്ക് തെരുവ് നായ്ക്കളെ കൊല്ലരുതെന്ന സുപ്രിംകോടതി വിധി ഉയര്‍ത്തിക്കാട്ടി പട്ടിസ്‌നേഹികളും പൊലിസും തെരുവ് പട്ടികളെ കൊന്നൊടുക്കുന്നത് വിലക്കുകയാണ്. സര്‍ക്കാരാകട്ടെ, പരിഹാരം കണ്ടെത്താനാവാതെ തപ്പിത്തടയുകയും ചെയ്യുന്നു. തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കാനുള്ള വന്ധ്യംകരണ നടപടി സ്വീകരിക്കുമെന്നും അതിനായി നഗരസഭാ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നുമാണ് സംസ്ഥാനം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
ബ്ലോക്ക്, ജില്ലാതലങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. വന്ധ്യംകരിച്ച നായ്ക്കളെ സംരക്ഷിക്കാനുള്ള ചുമതല മൃഗസ്‌നേഹി സംഘടനകള്‍ക്കു നല്‍കും തുടങ്ങി നിരവധി പദ്ധതികളാണ് തെരുവ് നായ ശല്യം അവസാനിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പു മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നത്.
സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ കാര്യക്ഷമമായും ആത്മാര്‍ഥമായും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും പത്തുവര്‍ഷത്തിനകം കേരളം പേപ്പട്ടി ശല്യത്തില്‍നിന്നും മുക്തമാകും.
ഇതിനായി വേണ്ടത് ഓരോ പഞ്ചായത്തിലും പട്ടികളെ സംരക്ഷിക്കാനാവശ്യമായ സ്ഥലം കണ്ടെത്തുകയെന്നതാണ്. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്ന ഡോഗ് പാര്‍ക്കുകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. അലഞ്ഞിതിരിയുന്ന തെരുവ്‌നായ്ക്കളെ ഇത്തരം കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചു ഭക്ഷണവും സംരക്ഷണവും നല്‍കേണ്ടതാണ്. ഡോഗ് പാര്‍ക്കുകളില്‍ സംരക്ഷിപ്പെടുന്ന എല്ലാ നായ്ക്കളെയും വന്ധ്യംകരിക്കണമെന്നില്ല. പട്ടികളെ മാത്രം വന്ധ്യംകരിച്ചാല്‍ തന്നെ ജോലിഭാരം കുറയും. വന്ധ്യംകരണം നടത്തിയ പട്ടികള്‍ പിന്നെ പെറ്റുപെരുകുകയില്ല. ചത്തൊടുങ്ങുന്ന പട്ടികളെ സംസ്‌കരിക്കുവാന്‍ പാര്‍ക്കുകളില്‍ പ്രത്യേക സ്ഥലം കണ്ടെത്തുകയും വേണം.
ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുവാന്‍ സന്നദ്ധ സംഘടനകളുടെയും പട്ടിസ്‌നേഹികളുടെ കൂട്ടായ്മകളെയും ഉപയോഗപ്പെടുത്തേണ്ടതാണ്. എല്ലാകാലത്തേക്കും ഈ സംവിധാനം വേണ്ടിവരില്ല. ചുരുങ്ങിയപക്ഷം പതിനഞ്ചുവര്‍ഷത്തിനകം ഇങ്ങനെ പിടിക്കപ്പെട്ട പട്ടികള്‍ ഓരോ പഞ്ചായത്തിലും വന്ധ്യംകരിച്ചു കഴിയുമ്പോള്‍ തന്നെ കേരളത്തിലെ പേപ്പട്ടി ശല്യം ഏതാണ്ട് അവസാനിക്കും. സര്‍ക്കാരും ജില്ലാപഞ്ചായത്തും താഴെയുള്ള ബോക്ക്, ഗ്രാമപഞ്ചായത്തുകളും ഇഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നുമാത്രം. പുറംപോക്കു സ്ഥലങ്ങള്‍ ഡോഗ് പാര്‍ക്കിനായി ഉപയോഗപ്പെടുത്താം. വളര്‍ത്തുനായ്ക്കളുടെ ഉടമസ്ഥര്‍ ലൈസന്‍സ് എടുക്കണമെന്നത് കര്‍ശനമാക്കണം. പ്രായം ചെന്ന നായ്ക്കളെ ഉടമകള്‍ തെരുവിലേക്ക് ഇറക്കിവിടുന്നത് ഇതുവഴി തടയുവാന്‍ പറ്റും. പുതിയ വളര്‍ത്തുനയം കൊണ്ടുവരുമെന്നും വളര്‍ത്തുനായ്ക്കള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്ന സര്‍ക്കാര്‍ അത്തരം കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുക തന്നെ വേണം.
അക്രമകാരികളായ തെരുവ്‌നായ്ക്കളെ കൊല്ലാമെന്ന ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അനുപം ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിനോട് പ്രതികരണം തേടിയത്. അതിനുള്ള മറുപടിയിലാണ് പേപ്പട്ടി വധം ഒഴിവാക്കിക്കൊണ്ടുള്ള വന്ധ്യംകരണ, സംരക്ഷണ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തെരുവ് നായ്ക്കളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സരിഗന്‍ അധ്യക്ഷനായ സമിതിയില്‍ സംസ്ഥാന നിയമവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും അംഗങ്ങളാണ്. കഴിഞ്ഞ ജൂണ്‍മാസത്തിലായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി മഞ്ഞമറ്റത്ത് ഡോളിയുടെ ഭര്‍ത്താവ് ജോസ്, ഫാദര്‍ ഗീവര്‍ഗീസ് തോമസ് എന്നിവര്‍ നല്‍കിയ ഹരജിയെത്തുടര്‍ന്നായിരുന്നു സുപ്രിംകോടതി സമിതി രൂപീകരിച്ച് ഉത്തരവായത്. ഡോളിയുടെ കുടുംബത്തിന് 40000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. കുത്തിവയ്പ്പിനും നഷ്ടപരിഹാരം നല്‍കാനും വേണ്ടിവരുന്ന തുകയുടെ ചെറിയൊരംശം മതിയാകും വന്ധ്യംകരണത്തിനും പട്ടികളെ സംരക്ഷിക്കാനും. സര്‍ക്കാര്‍ അതു നിര്‍വഹിക്കണമെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."