ദേവസ്വം ബോര്‍ഡിലെ നിയമനം പി.എസ്.സിക്കു വിടാന്‍ ബില്‍ കൊണ്ടുവരും
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്കു വിടാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലായിരിക്കും കൊണ്ടുവരിക.
എയ്ഡഡ് സ്‌കൂളുകളിലും കോളജുകളിലും വികലാംഗര്‍ക്ക് മൂന്നുശതമാനം ജോലി സംവരണം ഏര്‍പ്പെടുത്താനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സെപ്റ്റംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിലായിരിക്കും ദേവസ്വംബില്‍ കൊണ്ടുവരിക. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ അതിനുപകരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.
ഈ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുമെന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെയും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെയും നിയമനമാണ് നിലവില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ചുമതലയിലുള്ളത്.
ബില്‍ പാസാകുന്നതോടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഇല്ലാതാകും. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധമില്ലാത്ത എന്‍ജിനിയര്‍, ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് പി.എസ്.സിക്കു വിടുന്നത്. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധമുള്ള കഴകം, ശാന്തി തുടങ്ങിയ ജോലികളിലേക്ക് ദേവസ്വം ബോര്‍ഡിനുതന്നെ നേരിട്ടുനിയമനം നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."