തൃശൂര്‍ പൊന്നാനി കോള്‍ വികസന സമിതി പുനഃസംഘടിപ്പിക്കാന്‍ എം.പിയുടെ നിര്‍ദേശം
തൃശൂര്‍: തൃശൂര്‍ പൊന്നാനി കോള്‍വികസന സമിതി പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സമിതി ചെയര്‍മാന്‍ സി.എന്‍ ജയദേവന്‍ എം.പി ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. 22ന് ചേരുന്ന കലക്ടര്‍മാരുടെ കോണ്‍ഫറന്‍സില്‍ ജില്ലയിലെ കോള്‍വികസനവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ പ്രശ്‌നങ്ങളുള്‍പ്പടെ ധരിപ്പിക്കണമെന്നും ഇന്നലെ ചേര്‍ന്ന കോള്‍വികസന അവലോകന യോഗത്തില്‍ അധ്യക്ഷതവഹിച്ച സി.എന്‍ ജയദേവന്‍ എം.പി കലക്ടര്‍ ഡോ.എ.കൗശിഗന് നിര്‍ദേശം നല്‍കി.
അരിമ്പൂരില്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം കെയ്‌കോ സംഭരിച്ചിട്ടുളള 14 കോടി രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ നശിക്കുന്ന സ്ഥിതിയായിരുന്നു. ഇവ ഇപ്പോള്‍ പ്രത്യേകം ഷെഡിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ഉപയോഗിക്കാതെ കിടക്കുന്നത് നഷ്ടങ്ങളുണ്ടാക്കും. അതുകൊണ്ട് എത്രയും വേഗത്തില്‍ ഇവ പാടശേഖര സമിതിക്ക് കൈമാറുന്നതിനുള്ള നടപടിക്ക് യോഗം തീരുമാനമെടുത്തു. ഇവയുടെ ഗുണഭോക്തൃ പട്ടിക സമര്‍പ്പിക്കാന്‍ കോള്‍ വികസന ഉപസമിതികളോട് ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 30 നകം കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടിക്രമം പൂര്‍ത്തിയാക്കും. മെഷിന്റെ പ്രവര്‍ത്തനക്ഷമത, ഉടമസ്ഥാ അവകാശം എന്നിവ സംബന്ധിച്ച രേഖകള്‍ക്ക് നിയമപരമായ സാധൂകരണമുണ്ടായിരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. കൊയ്ത്ത് യന്ത്രം, ട്രാക്ടര്‍, പവര്‍ ട്രില്ലര്‍, നടീല്‍ യന്ത്രം ഉള്‍പ്പെടെ 290 കാര്‍ഷിക യന്ത്രങ്ങളാണ് കെയ്‌കോയില്‍ വിതരണം ചെയ്യുന്നത്.
പുതിയ രീതികളുടെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് ഫാം റോഡുകള്‍, റാമ്പുകള്‍, ബണ്ടുകള്‍ എന്നിവ ബലപ്പെടുത്താനും തീരുമാനമായി. കെയ്‌കോ, മൃഗസംരക്ഷണ വകുപ്പ്, അഡാക്, വിഎഫ്പിസികെ വകുപ്പുകളിലെ നിര്‍വഹണോദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."