കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ വൈദ്യുതി വിഭാഗം ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് മൂന്ന് മണിക്കൂർ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ജീവനക്കാരുടെ എണ്ണം 229-ൽ നിന്ന് 103 ആയി വെട്ടിക്കുറച്ച സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം ആരംഭിച്ചത്. സംസ്ഥാനത്ത് വൈദ്യുതി വിതരണം നേരിട്ട് നടത്തുന്ന ഏക തദ്ദേശ സ്ഥാപനമായ തൃശ്ശൂർ കോർപറേഷന്റെ പ്രവർത്തനം പണിമുടക്ക് താറുമാറാക്കുകയായിരുന്നു. ഇതോടെ, 45,000 ഉപഭോക്താക്കൾ ദുരിതത്തിലായി. സമരത്തിനിടെ കോൺഗ്രസ് കൗൺസിലർമാർ തൃശ്ശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിനെ തടഞ്ഞുവെച്ചു.
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് ജീവനക്കാർ വ്യക്തമാക്കി. സംഭവത്തിൽ തൃശ്ശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വൈദ്യുതി വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരിട്ട് കണ്ട് വിഷയം ധരിപ്പിച്ചിരുന്നുവെന്നും, ഇതുസംബന്ധിച്ച് കത്ത് അയച്ചിരുന്നുവെന്നും മേയർ പറഞ്ഞു. എന്നിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും, ഉദ്യോഗസ്ഥർ പ്രതികാരബുദ്ധിയോടെയാണ് നീങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.
“സർക്കാരും സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് ഈ പ്രശ്നത്തിന് കാരണം. ജീവനക്കാരെ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന്,” മേയർ ആവശ്യപ്പെട്ടു. തൊഴിലാളികളോട് സമരം ചെയ്യാൻ നിർദേശിച്ചത് താനാണെന്നും എന്നാൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരരീതി അനുവദിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരക്കാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."