പിണറായി വരുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ; നാളെ മുഖ്യമന്ത്രി രാജ്ഭവനിൽ
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുമ്പോൾ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. നാളെ രാജ്ഭവനിൽ ‘രാജഹംസ്’ എന്ന ഇൻഹൗസ് ജേർണലിന്റെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്.
ഈ ഓഡിറ്റോറിയത്തിൽ അടുത്തിടെ നടന്ന പരിപാടികളിലെല്ലാം കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് മാത്രമായി ഇളവ് നൽകാനാണ് ഗവർണറുടെ ഔദ്യോഗിക വസതിയുടെ തീരുമാനം. ആർഎസ്എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് ഗവർണർ രാജേന്ദ്ര അർലേക്കർ ഉപയോഗിച്ചുവരുന്നത്.
മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. പ്രസാദും പങ്കെടുത്ത മുൻപരിപാടിയിൽ ഇതേച്ചിത്രം വെച്ചത് ഏറെ വിവാദമായിരുന്നു. മന്ത്രിമാർ ഇതിനെ വിമർശിക്കുകയും ചടങ്ങുകൾ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ ഭാരതാംബ ചിത്രം തുടർന്നും വയ്ക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയതോടെ സംഭവം കൂടുതൽ രൂക്ഷമായിരുന്നു. സർക്കാർ പരിപാടികളിൽ ചിത്രം വയ്ക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."