തെരുവുനായ വന്ധ്യംകരണം ഈ മാസം തുടങ്ങും
കണ്ണൂര്‍: തെരുവ്‌നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് ബംഗളൂരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്‌സ് ഫണ്ട് ഏജന്‍സിയുമായി ധാരണാപത്രം ഒപ്പുവച്ചു. ഈമാസം അവസാനത്തോടെ പദ്ധതി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടറി എം.കെ ശ്രീജിത്തും ആനിമല്‍ റൈറ്റ്‌സ് ഫണ്ട് മാനേജിങ് ട്രസ്റ്റി ദിലീപ് ബാഫ്‌നയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ധാരണാപത്രം കെ.വി സുമേഷ് ഏജന്‍സി പ്രതിനിധികള്‍ക്ക് കൈമാറി.
ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത്. 2.98 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷ ബാധക്കെതിരായ കുത്തിവയ്പ്പ് നടത്തുകയുമാണ് ഉദ്ദേശം. പിടികൂടുന്ന സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടും. വന്ധ്യംകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവയ്പ്പ് നല്‍കുന്നതിനാല്‍ പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും.
ജില്ലാതലം മുതല്‍ പഞ്ചായത്ത് തലം വരെ പ്രത്യേക മോണിറ്ററിങ് സംവിധാനം പദ്ധതിക്കായി ഉണ്ടാകും. ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഒരു നായക്ക് 1450 രൂപയാണ് ഏജന്‍സിക്ക് നല്‍കേണ്ടത്.
തുടക്കത്തില്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് താല്‍ക്കാലികമായി വിട്ടുനല്‍കുന്ന പാപ്പിനിശ്ശേരി മൃഗാശുപത്രി കെട്ടിടത്തിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ കേന്ദ്രം ആരംഭിക്കുക. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലി രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാകും. പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരംഭഘട്ടത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. പടിയൂര്‍ പഞ്ചായത്ത് ലഭ്യമാക്കിയ രണ്ടേക്കര്‍ സ്ഥലത്ത് സ്ഥിരം സംവിധാനവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. മൃഗാശുപത്രി, ആബുലന്‍സ് ഷെഡ്, ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവ അടങ്ങിയതായിരിക്കും കേന്ദ്രം.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ സുരേഷ്ബാബു, കെ.പി ജയബാലന്‍ മാസ്റ്റര്‍, കെ.വി ഗോവിന്ദന്‍, ഡോ. ടി.വി ഉണ്ണികൃഷ്ണന്‍, ഡോ. ആര്‍ രാജന്‍, ഡോ. പി.വി മോഹനന്‍, കെ.വി സജീവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."