'ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്, പ്രതിഷേധവുമായി തെരുവിലിറങ്ങൂ' - പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
ബാഴ്‌സലോണ: ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധവുമായി പ്രമുഖ ഫുട്ബാൾ പരിശീലകൻ പെപ് ഗ്വാർഡിയോള (Pep Guardiola). ഗസ്സയിലെ അവസ്ഥയിൽ പ്രതിഷേധിച്ച് സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന റാലിയിൽ തെരുവിലിറങ്ങാൻ ജനങ്ങളോട് അഭ്യർത്ഥിച്ചാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ രംഗത്ത് വന്നത്. ഗസ്സയിൽ കുട്ടികൾ മരിക്കുകയും ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ആളുകൾ മരിച്ചുവീഴുകയും ചെയ്യുന്ന അവസ്ഥ ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പ്രതിഷേധം.
'ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു. ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ പൂർണമായി തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനങ്ങൾ തെരുവിലാണ്' - പെപ് ഗ്വാർഡിയോള പറഞ്ഞു.
ഇതാദ്യമായല്ല പെപ് ഗ്വാർഡിയോള ഗസ്സയിലെ ഫലസ്തീനികൾക്ക് വേണ്ടി രംഗത്ത് വരുന്നത്. മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നേടി ആദരിച്ചപ്പോൾ സദസിനെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം ഗസ്സയ്ക്ക് വേണ്ടി സംസാരിച്ചിരുന്നു. ഗസ്സയുടെ അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നതിന് പകരം ലോകത്തോട് സംസാരിക്കാൻ അദ്ദേഹം അന്ന് അഭ്യർഥിച്ചു.
അതേസമയം, ഗസ്സയിൽ ഇസ്‌റാഈൽ മാരകമായ ബോംബാക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെ മുതൽ കുറഞ്ഞത് 20 പലസ്തീനികളെയാണ് കൊന്നൊടുക്കിയത്. 2023 ഒക്ടോബർ മുതൽ ഇസ്‌റാഈൽ തുടരുന്ന വംശഹത്യയിൽ ഗസ്സയിൽ കുറഞ്ഞത് 67,074 പേർ കൊല്ലപ്പെടുകയും 169,430 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."