സ്വർണപ്പാളി വിവാദത്തിൽ 'പാളി' മൗനത്തിലായി സർക്കാരും ദേവസ്വം ബോർഡും; സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് കൂടുതൽ പ്രതിരോധത്തിൽ. 1998ൽ യു.ബി ഗ്രൂപ്പ് ചെയർമാനായിരുന്ന വിജയ്മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര കിലോ ബാക്കിയുണ്ടെന്ന് വ്യക്തമാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ ദേവസ്വം ബോർഡിന് മറുപടിയില്ല. 2019ൽ പാളികളിൽ സ്വർണം പൂശിയതിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയിട്ടും അതേ സ്പോൺസർക്ക് തന്നെയാണ് വീണ്ടും സ്വർണം പൂശാൻ നൽകിയത്. ഇതിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തോടും ദേവസ്വം ബോർഡിന് മൗനമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയും സർക്കാരും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ കൂട്ടുകൃഷിയുടെ തുടർച്ചയാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സംഭവത്തിൽ ഹൈക്കോടതി നിരീക്ഷണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ശബരിമലയിൽ സ്വർണക്കൊള്ള നടത്തി അയ്യപ്പഭക്തരെ വഞ്ചിച്ചുവെന്ന ആരോപണം സർക്കാരിനെതിരേ ആളിക്കത്തിക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിച്ഛായ സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് നീക്കം.
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ എത്തിച്ച ദ്വാരപാലക ശിൽപത്തിലുണ്ടായിരുന്നത് ചെമ്പായിരുന്നുവെന്ന വാദം പൊളിക്കുന്ന രേഖകൾ ഇന്നലെ പുറത്തുവന്നത് ദേവസ്വം ബോർഡിന് കനത്ത പ്രഹരമായി.
ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയിരുന്നതായി നിർണായക മൊഴി ദേവസ്വം വിജിലൻസിന് ലഭിച്ചു. ഇതോടെ സ്വർണപ്പാളിയിൽ ക്രമക്കേട് നടന്നുവെന്ന് വ്യക്തമായി. ഇന്നലെ ദേവസ്വം വിജിലൻസ് ഇടനിലക്കാരൻ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യംചെയ്തു. നേരത്തേ തിരുവനന്തപുരത്തും ബംഗളൂരുവിലുമായി രണ്ടു തവണ ചോദ്യംചെയ്തിരുന്നു.
അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും നാലു മണിക്കൂർ നീണ്ടചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ ദേവസ്വം ബോർഡ് അവസാനിപ്പിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് ഇടനിലക്കാരുണ്ടോ, ദേവസ്വം ബോർഡിൽ ആർക്കെങ്കിലും പണപ്പിരിവിൽ ബന്ധമുണ്ടോ, സ്വർണത്തിൽ കുറവു വന്നത് ഏതുഭരണ നേതൃത്വത്തിന്റെ കാലഘട്ടത്തിലാണ് തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."