കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ 68 ബസുകളിൽ 16 എണ്ണവും മന്ത്രിയുടെ മണ്ഡലത്തിൽ; വടക്കൻ കേരളത്തിന് ആകെ കിട്ടിയത് 12 ബസ്, ജനസംഖ്യ കൂടുതലുള്ള മലപ്പുറത്തിന് ഒറ്റ ബസുമില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി അടുത്തിടെ നിരത്തിലിറക്കിയ ബസുകൾ കൂട്ടത്തോടെ അനുവദിച്ചത് ഗതാഗത മന്ത്രിയുടെ മണ്ഡലത്തിൽ. ആകെ നിരത്തിലിറക്കിയ 68 ബസുകളിൽ 10 എണ്ണവും ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ മണ്ഡലമായ പത്തനാപുരത്താണ് അനുവദിച്ചത്. തൊട്ടടുത്ത മണ്ഡലമായ കൊട്ടാരക്കരയിൽ ആറ് ബസുകൾ അനുവദിച്ചു. മന്ത്രിയുടെ പാർട്ടി മത്സരിച്ചിരുന്നതും ഇപ്പോൾ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മണ്ഡലവുമാണ് കൊട്ടാരക്കര.
ബാക്കിയുള്ള 52 ബസുകൾ കേരളത്തിലെ വിവിധ ജില്ലകളിലെ 30 ഡിപ്പോകളിലേക്കാണ് അനുവദിച്ചത്. ഏറ്റവും തിരക്കേറിയ എറണാകുളം ഡിപ്പോയിലേക്ക് അഞ്ചും തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലേക്ക് നാലും ബസുകൾ മാത്രം അനുവദിച്ചപ്പോഴാണ് രണ്ട് മന്ത്രി മണ്ഡലങ്ങളിലേക്ക് മാത്രം 16 ബസുകൾ അനുവദിച്ചിരിക്കുന്നത്. അതേസമയം, വടക്കൻ കേരളത്തിലെ ആറുജില്ലകളിലേക്ക് ആകെ അനുവദിച്ചത് 12 ബസുകൾ മാത്രമാണ്. കാസർകോട്- 3, കാഞ്ഞങ്ങാട്- 3, മാനന്തവാടി- 2, നിലമ്പൂർ- 1, പാലക്കാട്- 1, സുൽത്താൻബത്തേരി- 2 എന്നിങ്ങനെയാണ് വടക്കൻ കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റ ബസുകൾ പോലുമില്ല.
കെ.എസ്.ആർ.ടി.സി 143 ബസുകൾക്കാണ് ടെൻഡർ നൽകിയത്. ഇതിൽ 110 ബസുകൾ ലഭിച്ചെങ്കിലും 68 എണ്ണമാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി നിരത്തിലിറക്കിയത്. നിരത്തിലിറക്കിയ 68 ബസുകളിൽ 15 സൂപ്പർഫാസ്റ്റ് ബസുകളും 17 ഫാസ്റ്റ് പാസഞ്ചർ ബസുകളും 27 ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളും 9 ഓർഡിനറി ബസുകളുമാണ്. ഇതിൽ പത്തനാപുരം ഡിപ്പോയ്ക്ക് അനുവദിച്ചത് 4 സൂപ്പർ ഫാസ്റ്റ് ബസുകളും 1 ഫാസ്റ്റ് പാസഞ്ചർ ബസും 2 ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകളും 3 ഓർഡിനറി ബസുകളുമാണ്.
ദേശീയപാതയിലൂടെയുള്ള സർവിസുകൾക്ക് പകരം എം.സി റോഡ് വഴിയുള്ള സർവിസുകൾക്കാണ് പുതിയ ബസുകൾ പ്രാമുഖ്യം നൽകിയിരിക്കുന്നത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങളാണ് ഈ ഭാഗങ്ങളിലേക്കുള്ള ഡിപ്പോകളിലേക്ക് ബസുകൾ അനുവദിക്കുന്നതിന് തടസമായി കെ.എസ്.ആർ.ടി.സിയുടെ ന്യായീകരണം. അതേസമയം, പുതിയ പല സർവിസുകളും മന്ത്രി മണ്ഡലമായ പത്തനാപുരവുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന് ഈ സാമ്പത്തിക വർഷം 23 ബസുകൾ അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം-8, കോഴിക്കോട്-4, പാലക്കാട്-1, കൊട്ടാരക്കര-4, കോട്ടയം-2, പത്തനംതിട്ട-2, എറണാകുളം -2 എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."