സുമുദ് ഫ്‌ലോട്ടില്ലക്കെതിരായ അതിക്രമം: ഇസ്‌റാഈലിനെതിരെ പ്രതിഷേധത്തിരയായി ലോകം, ഇറ്റലിയില്‍ രാജ്യവ്യാപക പണിമുടക്ക്
ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില തടഞ്ഞ ഇസ്‌റാഈല്‍ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ആഞ്ഞടിക്കുന്നു. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധങ്ങളാണ് ലോകമെങ്ങും നടക്കുന്നത്. നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായുമാണ് സ്‌പെയിന്‍, കൊളംബിയ, ഇറ്റലി തുടങ്ങിയ ലോകരാജ്യങ്ങള്‍ വിലയിരുത്തിയത്.
ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയില്‍ പങ്കെടുക്കുന്നതിനിടെ അന്താരാഷ്ട്ര ജലാശയങ്ങളില്‍ തങ്ങളുടെ പൗരന്മാരെ തടഞ്ഞുവച്ചതിനെ മെക്‌സിക്കോയും കൊളംബിയയും അപലപിച്ചുഫ്‌ലോട്ടില്ല പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ലാറ്റിന്‍ അമേരിക്കന്‍ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി. കപ്പല്‍ വ്യൂഹത്തെ തടഞ്ഞതില്‍ ഇറ്റലിയിലെ ഏറ്റവും വലിയ തൊഴിലാളി യൂനിയനായ സി.ജി.ഐ.എല്‍ ഇന്ന് രാജ്യവ്യാപക പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫ്‌ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയില്‍ നിന്നുള്ള മുഴുവന്‍ ഇസ്രായേലി നയതന്ത്ര പ്രതിനിധി സംഘത്തെയും പുറത്താക്കാന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടു. ഫ്‌ലോട്ടിലക്ക് ഐക്യദാര്‍ഢ്യവുമായി ഫലസ്തീന് പതാകയേന്തി ഡസന്‍ കണക്കിന് തുര്‍ക്കിയ ബോട്ടുകളാണ് ഹതായ് തീരത്ത് യാത്ര ചെയ്തത്. സ്പാനിഷ് നഗരമായ ബാഴ്‌സലോണയിലും പ്രതിഷേധത്തിര ആഞ്ഞടിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് തെരുവുകളില്‍ നിരന്നത്. പ്രതിഷേധം രാത്രി വൈകിയും തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ഇറ്റാലിയന്‍ പ്രധാമന്ത്രി ജോര്‍ജിയ മെലോനി, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യ, തുര്‍ക്കി വിദേശകാര്യ മന്ത്രാലയം, ഇസ്റാഈലിന്റെ സഖ്യ കക്ഷിയായ ജര്‍മനി, വെനസ്വലന്‍ വിദേശകാര്യ മന്ത്രി യുവാന്‍ ഗില്‍, അയര്‍ലന്റ് വിദേശകാര്യ മന്ത്രി സിമോണ്‍ ഹാരിസ് എന്നിവര്‍ ഇസ്റാഈല്‍ നടപടിയെ അപലപിച്ചു. ഫ്ളോടില്ലയിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഇസ്റാഈലിനോട് ജര്‍മനി ആവശ്യപ്പെട്ടു.
അതിനിടെ, ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നുമായി പുറപ്പെട്ട ഗ്ലോബല്‍ സമുദ് ഫോടില്ല (ജി.എസ്.ഫ്) ദൗത്യസംഘത്തില്‍ ഇസ്റാഈല്‍ പിടിച്ചെടുക്കാതെ ശേഷിക്കുന്ന ഏക കപ്പല്‍ യാത്ര തുടരുന്നതായാണ് റിപ്പോര്‍ട്ട്. മാരിനെറ്റ് എന്ന് പേരിട്ട സംഘം ഹൈറിസ്‌ക് സോണില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് യാത്രികരാണ് ബോട്ടിലെന്നാണ് സൂചന. പോളിഷ് പതാകയും വഹിച്ചാണ് യാത്ര.
നേരത്തെ സാങ്കേതിക തകരാര്‍ മൂലം അവരുടെ യാത്ര ഇടക്ക് വെച്ച് മുടങ്ങിയതായിരുന്നു. കപ്പലിന്റെ എഞ്ചിന്‍ പ്രശ്നങ്ങള്‍ നേരിട്ടെന്നും പരിഹരിച്ച ശേഷം യാത്ര തുടരുകയാണെന്നും അതിന്റെ ക്യാപ്റ്റന്‍ സ്ഥിരീകരിച്ചു. 42 കപ്പലുകള്‍ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞിട്ടും യാത്ര തുടരാന് തീരുമാനിക്കുകയായിരുന്നു സംഘം.
ഗസ്സ തീരത്തിനു 85 കി.മി അകലെ വെച്ചാണ് മറ്റ് ബോട്ടുകള്‍ ഇന്നലെ ഇസ്റാഈല്‍ നാവിക സേന പിടിച്ചെടുത്തത്. കാലാവസ്ഥാ ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബര്‍ഗ് ഉള്‍പ്പെടെ ആക്ടിവിസ്റ്റുകളെ ഇസ്റാഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരെ നാടുകടത്തുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.
13 കപ്പലുകളാണ് ബുധനാഴ്ച ഇസ്റാഈല്‍ സൈന്യം പിടിച്ചെടുത്തത്. 44 ചെറു കപ്പലുകളാണ് ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ ശേഖരിച്ച് ആഗസ്റ്റ് 31ന് യൂറോപ്പിലെ സ്പെയിനില്‍നിന്നു പുറപ്പെട്ടത്. അതേസമയം, ഗസ്സ സിറ്റിയിലും മറ്റും ആക്രമണം ശക്തമാക്കിയ ഇസ്‌റാഈല്‍ ഇന്നലെ മാത്രം 48പേരെ കൊന്നൊടുക്കി.
the world witnesses widespread protests against israel following its assault on the sumud flotilla. in italy, the response escalated to a nationwide strike, marking strong international condemnation of the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."