ഗസ്സയിൽ ബോംബിങ് നിർത്തിയെന്ന് ട്രംപിന്റെ വാക്ക്; ആക്രമണം കൂടുതൽ ശക്തമാക്കി ഇസ്റാഈൽ, ഈജിപ്തിൽ നാളെ സമാധാന ചർച്ച
ഗസ്സ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന ദൗത്യം അംഗീകരിച്ച ശേഷവും ഇസ്റാഈൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുന്നു. ഇന്നലെ 24 മണിക്കൂറിൽ 66 പേരെയാണ് ഇസ്റാഈൽ കൊന്നൊടുക്കിയത്. ഇതോടെ 2023 ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 67,074 ആയി ഉയർന്നു.
265 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗസ്സ സിറ്റിയിലും കനത്ത ആക്രമണം നടക്കുന്നുണ്ട്. ഗസ്സ സിറ്റിയിൽ കൊല്ലപ്പെട്ട 17 പേരിൽ ഏഴു പേർ കുട്ടികളാണ്. അൽ തുഫയിലാണ് ആക്രമണം നടക്കുന്നത്. അതേസമയം ഇസ്റാഈൽ ഗസ്സയിൽ ബോംബിടുന്നത് നിർത്തിവച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഗസ്സ സിറ്റി ഇപ്പോഴും ആക്രമണ മേഖലയാണെന്ന് ഇസ്റാഈൽ സൈന്യം പറഞ്ഞു. താമസക്കാർ തെക്കോട്ട് ഒഴിഞ്ഞു പോകണമെന്നും സൈന്യം പറഞ്ഞു.
ബന്ദികളെ വിട്ടുകൊടുക്കും - മറ്റു നിർദേശങ്ങളിൽ ചർച്ച തുടരും
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗസ്സയിലെ സമാധാന കരാറിലെ നിർദേശങ്ങൾ ഭാഗികമായി അംഗീകരിച്ച് ഹമാസ്. ഞായറാഴ്ച വൈകിട്ട് ആറിനകം ഹമാസ് കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകുമെന്ന ട്രംപിന്റെ ഭീഷണിക്കിടെയാണ് ഹമാസ് തീരുമാനം അറിയിച്ചത്. ബന്ദികളെ വിട്ടുനൽകാൻ തയാറാണെന്ന് ഹമാസ് അറിയിച്ചു. ഹമാസിനൊപ്പം ഫലസ്തീൻ ഇസ്്ലാമിക് ജിഹാദും ബന്ദികളെ കസ്റ്റഡിയിൽ വച്ചിട്ടുണ്ട്.
ചില ആവശ്യങ്ങളിൽ അമേരിക്കയുമായി ഹമാസ് വിലപേശൽ ചർച്ച തുടരുമെന്നാണ് സൂചന. സമാധാന ചർച്ചകൾ ഈജിപ്തിൽ തുടരും. വരും ദിവസങ്ങളിൽ ബന്ദികളുടെ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമാകും. എല്ലാ ബന്ദികളെയും വിട്ടു നൽകുമെന്നാണ് ഹമാസ് ഒടുവിൽ നിലപാടെടുത്തത്. ഇതെങ്ങനെ വേണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."