അയ്യപ്പ സംഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സർക്കാരിന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ആവർത്തിച്ച് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളുടെ കാണിക്ക വരെ അടിച്ചുമാറ്റുന്ന ദേവസ്വം ബോർഡും സർക്കാരും വിശ്വാസികളുടെ പണം ദുർവിനിയോഗം ചെയ്താണ് അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.
സംഗമത്തിന് ദേവസ്വം ബോർഡ് ഒരു പൈസ പോലും ചെലവാക്കില്ല എന്നും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തും എന്നുമായിരുന്നു സർക്കാരിന്റെയും ബോർഡിന്റെയും വീരവാദം. എന്നാൽ അയ്യപ്പ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിന് മൂന്ന് കോടി രൂപയാണ് അതിൻറെ ഇവൻറ് മാനേജ്മെൻറ് കമ്പനിക്ക് ദേവസ്വം ബോർഡ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്റ്റണ്ടായി അയ്യപ്പ സംഗമം തീരുമാനിച്ചപ്പോൾ തന്നെ ധൂർത്തിനെ കുറിച്ച് എല്ലാവരും മുന്നറിയിപ്പ് നൽകിയതാണ്. പക്ഷേ സ്പോൺസർഷിപ്പ് ന്യായം പറഞ്ഞാണ് അന്ന് ബോർഡും സർക്കാരും പിടിച്ചുനിന്നത്.
ഇപ്പോൾ ദേവസ്വം ബോർഡിൻറെ സർപ്ളസ് ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപയാണ് ഇവൻറ് മാനേജ്മെൻറ് കമ്പനിക്ക് കൈമാറിയത്. 8.2 കോടി രൂപയാണ് മൊത്തം നൽകാൻ ഉള്ളത് എന്നാണ് വിവരം. അയ്യപ്പ സംഗമം പൊളിഞ്ഞുപോയ സ്ഥിതിക്ക് മുഴുവൻ പണവും ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ നിന്ന് തന്നെ പോകും എന്നത് ഉറപ്പാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."