അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം; നാല് ദിവസം പിന്നിട്ടിട്ടും പരിഹാരമില്ല, ജീവനക്കാർ അങ്കലാപ്പിൽ
വാഷിങ്ടൺ: യുഎസ് ഭരണകൂടത്തിലെ ഷട്ട്ഡൗൺ പ്രതിസന്ധി അനിശ്ചിതത്വത്തിന്റെ നിഴലിൽ തുടരുന്നു. ഒക്ടോബർ ഒന്നിന് ആരംഭിച്ച അടച്ചിടൽ നാല് ദിവസം പിന്നിടുമ്പോഴും ധന അനുമതി ബില്ലിന്റെ പാസാക്കലിന് യാതൊരു പുരോഗതിയുമില്ല. ട്രംപ് ഭരണകൂടം പരിഹാരത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും കോൺഗ്രസിലെ രാഷ്ട്രീയ തർക്കങ്ങൾ ഇതിന് തടസ്സം നിൽക്കുകയാണ്. ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗൺ ആണിത്, സാധാരണക്കാരും സർക്കാർ ജീവനക്കാരും ഒരുപോലെ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്.
സിഎൻഎൻ റിപ്പോർട്ട് പ്രകാരം, അത്യാവശ്യ ഏജൻസികൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നത്. നിരവധി ജീവനക്കാർ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാണ്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടേക്കാം എന്ന സൂചനകൾ ട്രംപ് ഭരണകൂടം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും പ്രതിസന്ധി രൂക്,മാവുകയാണ്.സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വാഷിങ്ടണിൽ നിന്ന് പലരും താൽക്കാലികമായി നാട്ടിലേക്ക് മടങ്ങുകയാണ്.
സർക്കാർ പ്രവർത്തനങ്ങൾ താളംതെറ്റി; അത്യാവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി
ഷട്ട്ഡൗണിന്റെ ഫലമായി ദേശീയ സുരക്ഷ, വ്യോമയാനം, ആരോഗ്യ പദ്ധതികൾ തുടങ്ങിയ മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകുന്നു. അവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാ സർക്കാർ പ്രവർത്തനങ്ങളും നിലച്ചു. നാസയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു, ബജറ്റ് അനുമതി കിട്ടുന്നതുവരെ. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പദ്ധതികളും വൈകിപ്പിക്കപ്പെടുന്നു.
ദേശീയ ഉദ്യാനങ്ങളും ദേശീയ പാർക്കുകളും ഷട്ട്ഡൗൺ അവസാനിക്കുന്നതുവരെ അടച്ചിട്ടേക്കാം. സന്ദർശകർക്ക് പ്രവേശനം നിഷേധിക്കും, ജീവനക്കാർക്ക് അവധി നൽകും. മുൻപത്തെ ഷട്ട്ഡൗണുകളിൽ സമാന നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, ചില പാർക്കുകൾ പരിമിത ജീവനക്കാരുമായി പ്രവർത്തിച്ചിരുന്നു. എന്നാൽ, അത് വൻ നാശനഷ്ടത്തിന് കാരണമായി—സന്ദർശകർ സൗകര്യങ്ങൾ നശിപ്പിച്ചു, സംരക്ഷണം ഇല്ലാത്തതിനാൽ കൂടുതൽ കേടുപാടുകൾ സംഭവിച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, സാമ്പത്തിക നഷ്ടം ദിവസേന വർധിക്കുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യകൂടി ശക്തമാകുന്നു. കോൺഗ്രസിലെ ചർച്ചകൾ ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, രാഷ്ട്രീയ വിഭാഗീയതകൾ തടസ്സമാകുന്നു. അമേരിക്കയുടെ സാമ്പത്തിക-രാഷ്ട്രീയ ഭാവി ഇപ്പോൾ തന്നെ അനിശ്ചിതത്വത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."