വാൽപ്പാറയിൽ കാട്ടാന വാതിൽപ്പൊളിച്ച് വീട്ടിൽക്കയറി ആക്രമിച്ചു; മൂന്ന് വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ ഉണ്ടായ കാട്ടാനയാക്രമണത്തിൽ മൂന്ന് വയസുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം. വീട്ടിനകത്ത് കയറിയാണ് ആന രണ്ടുപേരെയും കൊലപ്പെടുത്തിയത്. മൂന്ന് വയസുള്ള ഹേമാഹ്രി, 55 വയസുള്ള അസല എന്നിവരാണ് മരിച്ചത്. വീട്ടിനകത്ത് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ആന എത്തിയത്. വീട്ടിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർ ശബ്ദം കേട്ട് ഓടി രക്ഷപെട്ടതിനാൽ ജീവൻരക്ഷിക്കാനായി.
വാൽപ്പാറ വാട്ടർഫാൾ എസ്റ്റേറ്റിൽ കാടർപ്പാറക്ക് സമീപമാണ് ആനയുടെ ആക്രമണം ഉണ്ടായത്. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീടിന്റെ മുൻവാതിൽ ചവിട്ടി പൊളിച്ചാണ് ആന അകത്ത് കയറിയത്. തുടർന്ന് ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ചവിട്ടുകയും, ശേഷം 55കാരിയെ ആക്രമിക്കുകയുമായിരുന്നു. ഈ ശബ്ദം കേട്ട് മറ്റു രണ്ടുപേർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
സംഭവം അറിയിച്ചതിനെ തുടർന്ന് വനപാലകരെത്തി ആക്രമിക്കപ്പെട്ട രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാൽപ്പാറയിൽ ആനയുടെ ആക്രമണം ഉണ്ടാകുന്ന ആദ്യത്തെ സംഭവമല്ല ഇത്. കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടാനകൾ വനം പ്രദേശമായ വാൽപ്പാറയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."