മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
എറണാകുളം: മുനമ്പം വഖഫ് വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള യോഗം ഇന്ന്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുനമ്പം കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേരുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്‌പ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുള്ളതെന്ന് മന്ത്രി പി. രാജീവ് കഴിഞ്ഞ ദിവസം അറിയിച്ചു.
മുനമ്പത്തേത് അല്ലാഹുവിന് വേണ്ടി സ്ഥിരമായി സമർപ്പിച്ച ഭൂമിയല്ലെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. 1950ലെ ഭൂമി കൈമാറ്റ രേഖകൾക്ക് അത്തരം ഉദ്ദേശ്യമില്ലെന്നും ഫാറൂഖ് കോളജ് മാനേജ്‌മെൻ്റിന് സമ്മാനമായാണ് ഭൂമി നൽകിയതെന്നുമാണ് ഡിവിഷൻ ബെഞ്ച് നിരീക്ഷണം. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിൻ്റെ 2019ലെ നീക്കം ഭൂമി തട്ടിയെടുക്കാൻ വേണ്ടിയാണോ എന്നും കോടതി വിമർശിച്ചു.
മുനമ്പം വിഷയത്തിൽ ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷനെ സർക്കാർ നിയോഗിച്ചിരുന്നു. കമ്മീഷന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കഴിഞ്ഞദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗം.
അതേസമയം, മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ഭൂവുടമകൾക്ക് അനുകൂലമായ ഹൈക്കോടതി വിധിക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ച സംസ്ഥാന സർക്കാരിനും നിയമമന്ത്രി പി രാജീവിനും കഴിഞ്ഞ ദിവസം മുനമ്പം സമരസമിതി നന്ദി അറിയിച്ചിരുന്നു. മുനമ്പം പ്രശ്നപരിഹാരത്തിന് കമ്മീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുകയും ചെയ്തതുകൊണ്ടാണ് ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി അറിയിച്ചെന്ന് മന്ത്രി പി രാജീവ് വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."