ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്ക് പാർട്ടി നൽകാൻപോയ 22 വയസുകാരനെ തല്ലിക്കൊന്ന് പൊലിസ്; മകനെ ഒരു മൃഗത്തെപ്പോലെ വേട്ടയാടിയെന്ന് അച്ഛൻ
ഭോപ്പാൽ: എൻജിനീയറിങ് പഠനം പൂർത്തിയായതിന് പിന്നാലെ ബെംഗളൂരുവിൽ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം പാർട്ടി നൽകാൻ പോയ യുവാവിനെ പൊലിസ് മർദ്ദിച്ച് കൊലപ്പെടുത്തി. 22 വയസ്സുള്ള ഉദിത് ഗയാകെയാണ് കൊല്ലപ്പെട്ടത്. പിപ്ലാനി പ്രദേശത്ത് ഉദിത് തന്റെ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെയാണ് രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാർ എത്തി ക്രൂരമായി മർദ്ദിച്ചത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ച ഉദിത് ഭോപ്പാൽ എയിംസിൽ വെച്ച് മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി (ഒക്ടോബർ 9) അർധ രാത്രിയിലാണ് സംഭവം. രാത്രി വൈകി ഇന്ദ്രപുരിയിൽ പാർട്ടി നടത്തുകയായിരുന്നു ഉദിതും രണ്ടു കൂട്ടുകാരും. ഇതിനിടെയാണ് പൊലിസ് എത്തിയത്. അവരെ കണ്ടപ്പോൾ ഉദിത് പരിഭ്രാന്തനായി അടുത്തുള്ള ഒരു ഇടവഴിയിലേക്ക് ഓടി. 'പിന്നീട് ഉദിത്തിനെ മർദിക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു. തിരിച്ചെത്തിയപ്പോൾ അവന്റെ ഷർട്ട് കീറിയിരുന്നു, അവന്റെ ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു," സുഹൃത്തുക്കൾ പറഞ്ഞു.
പൊലിസുകാരിൽ ഒരാൾ ഉദിതിനെ നിഷ്കരുണം മർദ്ദിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. മറ്റൊരാൾ തോക്കുമായി സമീപത്ത് നിന്നുകൊണ്ട് നോക്കി നിൽക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സംഭവത്തിൽ മകനെ പൊലിസ് ഒരു മൃഗത്തെപ്പോലെയാണ് ആക്രമിച്ചതെന്ന് പിതാവ് രാജ്കുമാർ ഗയാകെ ആരോപിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിൽ നിന്ന് മകന് ജോലി ഓഫർ ലഭിച്ചിട്ടുണ്ടെന്നും അത് ആഘോഷിക്കാൻ വേണ്ടിയാണ് അവൻ സുഹൃത്തുക്കളെ കാണുന്നത് എന്നും പിതാവിന് അറിയില്ലായിരുന്നു. സുഹൃത്തുക്കളെ കാണാൻ പോവുകയാണെന്ന് അറിയിച്ചിരുന്നു. അത് അവന്റെ വിളിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു.
മകന്റെ തല, തോൾ, പുറം, ഞരമ്പ്, കണ്ണ് എന്നിവയിൽ മുറിവേറ്റ നിലയിലാണ് ഉണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു. ഒരു മൃഗത്തെപ്പോലെയാണ് അവനെ അവർ കൊന്നത് - ഉദിത്തിന്റെ പിതാവ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ, ഭോപ്പാലിലെ പിപ്ലാനി പൊലിസ് സ്റ്റേഷനിലെ സന്തോഷ് ബമാനിയ, സൗരഭ് ആര്യ എന്നീ പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. രണ്ട് പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന്, കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചുകൊണ്ട് ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ (സോൺ II) വിവേക് സിംഗ് പറഞ്ഞു. ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് തന്നെ കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."