കെണിയൊരുക്കി അഞ്ചല്‍ പുനലൂര്‍ പാത
അഞ്ചല്‍: യാത്രക്കാരെ അപകടത്തില്‍പെടുത്താന്‍ കെണിയൊരുക്കി അഞ്ചല്‍ പുനലൂര്‍ പാത. റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴുന്നതും ഇറക്കത്തില്‍ വളവിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹംപും അപകട കാരണമാവുകയാണ്.
പാതയില്‍ ബ്ലോക്ക് ഓഫിസ് ജങ്ഷന് മുന്നിലെ ഇറക്കത്തിലാണ് റോഡിന്റെ ഒരു വശം ഇടിഞ്ഞിരിക്കുന്നത്. ഇവിടെ വലിയൊരു കുഴി രൂപപ്പെട്ടിട്ടുണ്ട്.ഇതിനു സമീപത്തു തന്നെയാണ് ഹംപുമുള്ളത്. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെടുന്നത് പതിവാണ്. അഞ്ചല്‍ ഭാഗത്തുനിന്നും പുനലൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചലില്‍ നിന്നും കരവാളൂരിലേക്ക് പോയ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ അമിതവേഗതയിലെത്തിയ കെ.എസ്.ആര്.ടി.സി ഫാസ്റ്റിന് വശം കൊടുക്കുന്നതിനിടെ റോഡിന് വശത്തെ കുഴിയിലേക്ക് വീണു.
വളവും ഇറക്കവുമായതിനാല്‍ എതിര്‍ദിശയിലെത്തുന്ന വലിയവാഹനങ്ങള്‍ക്ക് വശം കൊടുക്കുന്നതിനിടെയാണ് ചെറിയ വാഹനങ്ങള്‍ റോഡിന്റെ വശത്തെ കുഴിയില്‍ അകപ്പെടുന്നത്. തൊട്ടടുത്ത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ഇറക്കം തീരുന്ന ഭാഗത്ത് വളവിനോട് ചേര്‍ന്ന് ഹംപ് സ്ഥാപിച്ചിരിക്കുന്നത്. വേഗതയില്‍ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടകാരണമാവുകയാണ്. ഇവിടെ സൂചനാ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.ഇതുവഴിയുള്ള കാല്‍നടയാത്രയും സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്.
ഹംപിന് തൊട്ടു മുന്നില്‍ സൂചനാബോര്‍ഡ് സ്ഥാപിച്ചും മണ്ണൊലിച്ചിറങ്ങിയ ഭാഗം നികത്തിയും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വന്‍അപകടങ്ങള്‍ സംഭവിക്കുമെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."