അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്
2026 ഐപിഎല്ലിൽ ഇന്ത്യൻ ഇതിഹാസ സ്പിന്നർ ആർ അശ്വിന് പകരക്കാരനായി മറ്റൊരു സൂപ്പർതാരത്തെ ടീമിൽ എത്തിക്കാൻ നീക്കം നടത്തി ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിലെത്തിക്കാനാണ് ചെന്നൈ ശ്രമം നടത്തുന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമാണ് വാഷിംഗ്ടൺ സുന്ദർ. താരത്തെ ടീമിൽ എത്തിക്കാനായി ഗുജറാത്തുമായി ചെന്നൈ ചർച്ച നടത്തിയെന്നും ഒരു നിബന്ധനയും കൂടാതെ താരത്തെ വിട്ടുനൽകാൻ ഗുജറാത്ത് സമ്മതം നൽകിയെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഗുജറാത്തിനൊപ്പം 2025 ഐപിഎല്ലിൽ അത്ര മികച്ച പ്രകടനം നടത്താൻ വാഷിങ്ങ്ടണിന് സാധിച്ചിരുന്നില്ല. വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് താരം ഗുജറാത്തിനായി കളത്തിൽ ഇറങ്ങിയത്. ഇതിൽ നിന്നും രണ്ട് വിക്കറ്റുകൾ മാത്രമാണ് താരത്തിന് നേടാനായത്. ബാറ്റിങ്ങിൽ 133 റൺസും താരം സ്വന്തമാക്കി.
എന്നാൽ സമീപകാലങ്ങളിൽ താരം സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യക്കൊപ്പം നടത്തുന്നത്. അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു വാഷിംഗ്ടൺ സുന്ദർ നടത്തിയിരുന്നത്. ഈ പരമ്പരയിൽ 47 എന്ന മികച്ച ശരാശരിയിൽ 284 റൺസാണ് താരം നേടിയത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ താരം സെഞ്ച്വറി നേടിയും തിളങ്ങിയിരുന്നു.
അതേസമയം 2025 ഐപിഎൽ സീസണിൽ നിരാശാജനകമായ പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
Chennai Super Kings are reportedly looking to bring in another superstar to replace legendary Indian spinner R Ashwin in the 2026 IPL. Chennai is reportedly looking to bring in Indian star all-rounder Washington Sundar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."