നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവൻ, വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയാകും; സുരേഷ്‌ഗോപിക്കെതിരെ തിരിച്ചടിച്ച് വി. ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി രംഗത്ത്. കുടുംബത്തെ കൊണ്ട് പോലും കള്ളവോട്ട് ചെയ്യിപ്പിച്ച ആളാണ് സുരേഷ് ഗോപിയെന്നും നാക്ക് എടുത്താൽ കള്ളത്തരം പറയുന്നവനാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതുകൊണ്ട് വിമർശിച്ചത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ആയിരിക്കുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
കള്ളവോട്ടിലൂടെ ജയിച്ചു വന്നവരല്ല താനൊക്കെ. കേന്ദ്രമന്ത്രിയായി ഇത്രയും ദിവസമായിട്ടും സുരേഷ് ഗോപിയെകൊണ്ട് നാടിന് മുട്ടുസൂചിയുടെ പ്രയോജനം ഉണ്ടായിട്ടുണ്ടോയെന്നും ശിവൻകുട്ടി ചോദിച്ചു. സുരേഷ് ഗോപി പറയുന്നതിന് നാട്ടുകാർ വില കൊടുക്കുന്നില്ല. വായിൽ തോന്നിയത് എല്ലാം വിളിച്ച് പറഞ്ഞു നടക്കുകയാണ്. അപേക്ഷ നൽകുന്നവരെയെല്ലാം പറഞ്ഞുവിടുന്നു. ആരുടെയും പ്രശ്നങ്ങൾ കേൾക്കാൻ പോലും സമയമില്ല. നിവേദനം വാങ്ങി കർച്ചീഫ് വച്ച് തുടച്ചു കളഞ്ഞയാളാണ് സുരേഷ് ഗോപി എന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്, അവരൊക്കെ തെറിച്ചുമാറട്ടെയെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ നടത്തിയ വിമർശനം. വട്ടവടയിൽ നടന്ന കലുങ്ക് സംഗമത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം ഉണ്ടായത്. പ്രദേശത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടി വേണം എന്ന ആളുകളുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."