യു.എസ് ഉപരോധത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ്; റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ ഒരുങ്ങി റിലയൻസ്
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ റിലയൻസ് കമ്പനി. റഷ്യയിലെ എണ്ണ വിതരണക്കാരിലെ വമ്പൻ സ്വകാര്യ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താനാണ് റിലയൻസ് നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കമ്പനിക്ക് ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെയാണ് എണ്ണ ഇറക്കുമതി നിർത്താൻ റിലയൻസ് നീക്കം നടത്തുന്നത്. ഉപരോധത്തിന് പിന്നാലെ റിലയൻസിന് ഓഹരി വിപണിയിൽ നേരിട്ട ഇടിവും റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്നെഫ്റ്റ്, ലുക്ഓയിൽ തുടങ്ങിയ കമ്പനികൾക്കെതിരെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപരോധമേർപ്പെടുത്തിയത്. യു.എസ് ട്രഷറി സെക്രട്ടറി ചീഫ് സ്കോട്ട് ബെസന്റാണ് അമേരിക്കയുടെ ഉപരോധ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണ കമ്പനികൾക്ക് യു.എസ് ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ റിലയൻസിന്റെ ഓഹരി വില ഇടിഞ്ഞു. 1.12 ശതമാനത്തിന്റെ ഇടിവാണ് റിലയൻസ് ഓഹരികൾക്കുണ്ടായത്.
റഷ്യൻ കമ്പനിയിൽ നിന്ന് പ്രതിദിനം 5 ലക്ഷം ബാരൽ എണ്ണയാണ് റിലയൻസ് ഇറക്കുമതി ചെയ്യുന്നത്. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന പ്രമുഖ കമ്പനികളിലൊന്നാണ് റിലയൻസ്. ഇതാണ് ഇപ്പോൾ അവസാനിപ്പിക്കാൻ നീക്കം നടത്തുന്നത്. ഹംഗറിയിലെ ബുഡപെസ്റ്റിൽ നടത്താനിരുന്ന ട്രംപ്-പുടിൻ ചർച്ച റദ്ദാക്കിയതാണ് ഉപരോധത്തിന് കാരണമായത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച.
യു.എസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തുന്ന മറ്റു ഇന്ത്യൻ എണ്ണകമ്പനികളും പിന്മാറുകയോ അളവിൽ കുറവ് വരുത്തുകയോ ചെയ്യാൻ സാധ്യതയുണ്ട്. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് യു.എസ് നടപടിക്ക് കാരണമാകുമോ എണ്ണ ഭയമാണ് ഇന്ത്യൻ കമ്പനികളെ പുറകോട്ടടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."