ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നു; സംസ്ഥാനത്ത് മഴ തുടരും, ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കി.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
തെക്കു കിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂന മര്‍ദമായി ശക്തിയാജിച്ചിട്ടുണ്ട്. തമിഴ്‌നാട് തീരത്തിന് സമീപം തെക്കു പടിഞ്ഞാറാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കുമെന്നും തുടര്‍ന്നുള്ള 12 മണിക്കൂറിനുള്ളില്‍, വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളിലൂടെ നീങ്ങുമെന്നുമാണ് പ്രവചനം. ഇന്നലെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചു. അടുത്ത അഞ്ചു ദിവസം മഴ തുടരുമെന്നാണ് വിലയിരുത്തല്‍.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ വിവിധ ഡാമുകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. ഡാമുകള്‍ക്ക് അരികില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലുള്ളവരും, തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരളതീരത്ത് മത്സ്യബന്ധനത്തിനേര്‍പ്പെടുത്തിയ വിലക്ക് തുടരും.
a low pressure area is intensifying, bringing more rain across kerala. the weather department warns of thunderstorms and strong winds in several districts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."