എസ്ഐആറിൽ നിന്ന് പിന്മാറാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ, രാജ്യവ്യാപക തയ്യാറെടുപ്പ് പൂർത്തിയാക്കണം; എതിർപ്പറിയിച്ച് കേരളം
ന്യൂഡൽഹി: കേരളത്തിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്ഐആർ) നടപ്പിലാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ നീട്ടി വെക്കണമെന്ന് ഇന്ന് ഡൽഹിയിൽ നടന്ന യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർ കേരളത്തിന്റെ ആവശ്യമറിയിച്ചത്.
ഡൽഹിയിൽ നടന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗത്തിൽ കേരളം അടക്കം ചില സംസ്ഥാനങ്ങൾ നിർദേശങ്ങൾ ഉന്നയിച്ചിരുന്നു. ഈ യോഗത്തിന് പിന്നാലെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഉടൻ നടക്കുന്ന സാഹചര്യത്തിലാണ് എസ്ഐആർ നീട്ടി വെക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇതിൽ കമ്മിഷൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ബീഹാർ മാതൃകയിലുള്ള എസ്ഐആറിനെ കേരളം തുടക്കം മുതലേ എതിർത്തിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ തെരഞ്ഞെടുപ്പ് കമ്മിഷന് നേരത്തെ കത്ത് നല്കിയിരുന്നു. ഇതിനിടെ കേരള നിയമസഭ വിഷയത്തിൽ പ്രമേയവും പാസാക്കിയിരുന്നു.
അതേസമയം, രണ്ട് ദിവസമായി നടന്ന യോഗത്തിന് പിന്നാലെ രാജ്യവ്യാപക എസ്ഐആറിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. എല്ലായിടത്തും തയ്യാറെടുപ്പ് പൂർത്തിയാക്കാൻ കമ്മിഷൻ നിർദ്ദേശം നൽകിയതായാണ് ഇതുസംബന്ധിച്ച വാർത്ത കുറിപ്പിലുള്ള നിർദേശം. ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കിയതായി ഇതിൽ പറയുന്നില്ല. എന്നാൽ, കേരളത്തിൻറെ എതിർപ്പ് കമ്മീഷന്റെ ഉദ്യോസ്ഥ സംഘം പരിശോധിക്കുന്നു എന്ന സൂചന യോഗത്തിൽ നൽകിയതായാണ് വിവരം.
കേരളം ഉൾപ്പെടെ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തിൽ എസ്ഐആർ നടപ്പിൽ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നത്. ബീഹാർ മാതൃകയിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനാണ് കമ്മിഷന്റെ നീക്കം. പൗരത്വം തെളിയിക്കുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന രേഖകളിൽ ഒന്ന് ഹാജരാക്കേണ്ടി വരുമെന്നതിനാൽ ബിഹാറിലെ പോലെ നിരവധിപ്പേരെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാൻ കമ്മിഷന് സാധിക്കും. ഇതാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇതിനെ എതിർക്കുന്നത്. വോട്ട് ചോരി നടക്കുമെന്ന ആശങ്കയും കോൺഗ്രസ് പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."