സിയോണിസ്റ്റ് മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാവുമ്പോള്‍...
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണു ഫലസ്തീന്‍. ഇസ്‌ലാമിക വിശ്വാസപ്രകാരം ഏറ്റവും ശ്രേഷ്ടതയുള്ള മൂന്നുപള്ളികളില്‍ ഒന്നായ അഖ്‌സ നിലകൊള്ളുന്നത് ഈ പ്രദേശത്താണ്. യഅ്ഖൂബ് നബി (അ) ക്ക് ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പേരാണ് ഇസ്രാഈല്‍, അവരുടെ ജന്മസ്ഥലം. ഹിബ്രു ഭാഷയുടെയും, ഇന്നു ലോകത്തു നിലനില്‍ക്കുന്ന ഒട്ടുമിക്ക മതചിന്തകളുടെയും പ്രഭവസ്ഥാനമായാണ് ഈ പ്രദേശം.
ജൂത, ക്രൈസ്തവ, ഇസ്്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, സമറിസ്താനി, ദുര്‍സ്, ബഹായി തുടങ്ങിയ പ്രാദേശിക മതസങ്കല്‍പ്പങ്ങള്‍ക്കും വിളനിലമായിട്ടുണ്ട് ഫലസ്തീനും ഇസ്രാഈലും അടങ്ങുന്ന ഈ പ്രദേശം. എ.ഡി മൂന്നാംനൂറ്റാണ്ടുവരെ ക്രിസ്തീയരും ഏഴാംനൂറ്റാണ്ടുമുതല്‍ ഇരുപതാംനൂറ്റാണ്ടുവരെ മുസ്‌ലിംകളും ഈ പ്രദേശത്തിന്റെ നിയന്ത്രണം കൈയാളിയിട്ടുണ്ട്.
മുസ്‌ലിം ക്രൈസ്തവ മുറുമുറുപ്പിന് എന്നും വേദിയായ ഈ പ്രദേശം 1096 ലും 1291 ലും നടന്ന കുരിശുയുദ്ധങ്ങള്‍ക്കുശേഷം സിറിയന്‍ ഭരണാധികാരികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. 1299 മുതല്‍ 1923 വരെ ഉസ്മാനിയ ഖിലാഫത്തിനു കീഴിലായി. യൂറോപ്പ് ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളിലായി വ്യാപിച്ചുകിടക്കുന്ന 29 സ്റ്റേറ്റുകളുടെ ഭരണച്ചെങ്കോലേന്തിയ ഉസ്മാനിയ ഖിലാഫത്ത്, ഇസ്‌ലാമികചരിത്രത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ 1520 മുതല്‍ 1566 വരെ രാഷ്ട്രീയമായും സാമ്പത്തികമായും ലോകശക്തിയായി ഉസ്മാനിയ സാമ്രാജ്യം വളര്‍ന്നുകഴിഞ്ഞിരുന്നു.
ഉസ്മാനിയ സാമ്രാജ്യത്തിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനായി പ്രാദേശിക കൊളോണിയല്‍ മാതൃകയില്‍ ഖിലാഫത്തിനെതിരേ അറബ് ദേശീയത വളര്‍ന്നുവന്നു. ഒന്നാം ലോകമഹാ യുദ്ധസമയത്ത് (1914-18) ബ്രിട്ടീഷ് അധിനിവേശമേലാളന്മാര്‍ ഈ മേഖലയില്‍ കടന്നുകയറി, ഉസ്മാനിയ ഖിലാഫത്തില്‍നിന്നു മിഡില്‍ ഈസ്റ്റിലെ അറബ് രാജ്യങ്ങള്‍ക്കു രാഷ്ട്രീയസ്വാതന്ത്ര്യം ഉറപ്പുനല്‍കി. അതേസമയം, അറബ് ജനതയുടെ സ്വാതന്ത്ര്യനീക്കത്തെ സഹായിക്കില്ലെന്നു ഉസ്മാനിയ ഖലീഫ ബോധ്യപ്പെടുത്തി പ്രത്യുപകാരമായി സിറിയയുടെ പ്രവിശ്യയായിരുന്ന ഫലസ്തീന്‍ കൈക്കലാക്കി. ഇതിനുപിന്നാലെ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍തര്‍ ജെയിംസ് ബെല്‍ഫോര്‍ ലോകത്തു പലഭാഗങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാരെ ഫലസ്തീനിലേയ്ക്കു ക്ഷണിച്ചുകൊണ്ട് അന്നത്തെ ജൂതസഭയുടെ നേതാവായ വാള്‍ട്ടര്‍ റോത്ചില്‍ഡിനു കത്തെഴുതി. അപ്പോഴാണു തനിക്കു പറ്റിയ ചരിത്രപരമായ മണ്ടത്തരം ഖലീഫയ്ക്കു ബോധ്യപ്പെട്ടത്. ഒരുഭാഗത്തു അറബ്‌രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിത്തുടങ്ങി. ജൂതകുടിയേറ്റത്തിനു സഹായമാകുംവിധം അറബ് ജൂത കരാര്‍ നിലവില്‍വന്നു. അതോടെ അറബ് ജൂതപ്രശ്‌നങ്ങള്‍ക്കു തുടക്കമാവുകയും ചെയ്തു.
ജൂതര്‍ക്കായി ഫലസ്തീനെ നെടുകെ പിളര്‍ത്തി ഇസ്രാഈല്‍ ജനിച്ചു. 1922 ല്‍ ഇസ്രാഈലിനെ ജൂതപ്രവിശ്യയായി അന്താരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി അംഗീകാരം നല്‍കി. 1920 മുതല്‍ 1948 വരെ ബ്രിട്ടീഷ് സിവില്‍ അഡ്മിനിസ്‌ട്രേഷനു കീഴില്‍ അവിഭക്ത ഫലസ്തീന്‍ ഇസ്‌റാഈല്‍ നിലകൊണ്ടു. അറബ് ജൂതസംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ജൂതന്മാരില്‍ 42 ശതമാനത്തോളം ഇസ്‌റാഈലില്‍ എത്തിയതോടെ 1948 ല്‍ ഇസ്‌റാഈല്‍ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. ഉസ്മാനിയ ഖിലാഫത്തിനു വിരാമംകുറിച്ചുകൊണ്ടു ബ്രിട്ടീഷ് കോളനികളായിരുന്ന അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടി. കൃത്യമായി ഇസ്‌ലാമിക് സമൂഹത്തെ നാമാവശേഷമാക്കാനുള്ള മാസ്റ്റര്‍ പ്ലാനോടെയായിരുന്നു ഇസ്രാഈലിന്റെ പിറവിയും അനുബന്ധനീക്കങ്ങളും. ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍നിന്നു സ്വാതന്ത്ര്യംനേടിയ അറബ് രാജ്യങ്ങളൊക്കെ അതിര്‍ത്തിത്തര്‍ക്കങ്ങളാല്‍ പരസ്പരം കലഹിക്കുന്ന സാഹചര്യമൊരുക്കിവച്ചത് അവിചാരിതമായിരുന്നില്ല.
ഒരു രാജ്യത്തിന്റെ വാല്‍ക്കഷ്ണം മറ്റൊരു രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രദേശത്തിന്റെ ഇടയില്‍ തിരുകിവച്ചു തമ്മിലടിപ്പിക്കാന്‍ ബ്രിട്ടീഷ് കഴുകന്മാര്‍ നടത്തിയ വഞ്ചന മനസിലാക്കാന്‍ കഴിയാതെവന്നു മിക്ക അറബ് രാജ്യങ്ങള്‍ക്കും. ഉദാഹരണത്തിന് യു.എ.ഇയിലെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവ വെവ്വേറെ രാജ്യങ്ങളാണ്. എന്നാല്‍, ഈ രാജ്യങ്ങളുടെ അതിരുകള്‍ കാണുമ്പോള്‍, ഈ രാജ്യം ഒറ്റ അറബ് രാജ്യമായി ഷെയ്ഖ് സായിദും ഷെയ്ഖ് റാഷിദുമൊക്കെ ആക്കിയിരുന്നില്ലായിരുന്നെങ്കില്‍ എത്ര വലിയ പ്രശ്‌നങ്ങളിലേക്കായിരുന്നു ഈ രാജ്യങ്ങള്‍ എടുത്തെറിയപ്പെടുമായിരുന്നതെന്നു ബോധ്യമാകും.
ഉസ്മാനിയ ഖിലാഫത്തിന്റെ തിരോധാനത്തോടെ മുസ്‌ലിം അറബ് രാജ്യങ്ങളൊക്കെ പല വഴിക്കായി മാറി, ഇതോടെ രാഷ്ട്രീയസാമ്പത്തിക മേഖലകളില്‍ മിഡില്‍ ഈസ്റ്റിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു. ലോകരാജ്യങ്ങളില്‍ വിവിധചേരികള്‍ തമ്മിലുള്ള കിടമത്സരങ്ങളും പോര്‍വിളികളും രണ്ടാംലോകമഹായുദ്ധത്തില്‍ എത്തിച്ചു. ബ്രിട്ടീഷ് കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ ആഭ്യന്തരകലഹങ്ങളും വംശീയചേരിതിരിവുകളും സൃഷ്ടിച്ച് ഓരോ അറബ് ഇസ്‌ലാമികരാജ്യത്തെയും അസ്ഥിരപ്പെടുത്താനുള്ള ചരടുവലികള്‍ സിയോണിസ്റ്റ് ലോബി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അറബ് ലോകത്തുള്ള സാമ്പത്തികസ്രോതസ്സായ എണ്ണ ഉല്‍പാദന രാജ്യങ്ങളെയാണ് ആദ്യമായി ഉന്നംവച്ചത്. ഈ മേഖലയില്‍ സ്വയം ശക്തിപ്രാപിച്ച ഇറാഖിനെയും സുഡാനെയും മലേഷ്യയെയുമൊക്കെ സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതു ലോകം കണ്ടതാണ്. സിയോണിസ്റ്റ് ലോബിക്കു ഭീഷണിയാവുമായിരുന്ന സദ്ദാം ഹുസൈന്‍ ഇറാഖിനെ ലോകത്തെ വെല്ലുന്ന ടെക്‌നോളജി ഉല്‍പ്പാദന രാജ്യമാക്കി മാറ്റി. ലോകനിലവാരത്തിലുള്ള മുപ്പതിനായിരത്തോളം ശാസ്ത്രജ്ഞന്മാരുള്ള രാജ്യമായി ഇറാഖ് പുരോഗതിയിലേക്കു കുതിക്കുന്നതു പടിഞ്ഞാറിനെ അലോസരപ്പെടുത്തി. ഉസ്മാനിയ ഖലീഫയ്ക്കുശേഷം സദ്ദാം ആ തലത്തിലേയ്ക്ക് ഉയര്‍ന്നേക്കുമോയെന്ന പടിഞ്ഞാറിന്റെ ആശങ്കയായിരുന്നു ഇറാഖ് കുവൈറ്റ് സംഘര്‍ഷത്തിനു വഴിമരുന്നിടാന്‍ അവരെ പ്രേരിപ്പിച്ചത്.
അതൊരു മാസ്റ്റര്‍പ്ലാനിന്റെ ഭാഗമാണെന്നു മനസിലാക്കാന്‍ സദ്ദാമിനും കുവൈറ്റിനും കഴിഞ്ഞില്ല. മാസ്റ്റര്‍ പ്ലാനിന്റെ മൂന്നാംഘട്ടം ഓരോ രാജ്യത്തെയും ദേശീയ, ഭാഷ, ഗോത്രാടിസ്ഥാനത്തില്‍ വിഭജിക്കുകയെന്നതാണ്. ഇറാഖിനെ, തെക്കു ബസറ പട്ടണം അടങ്ങുന്നതു ഷിയാകള്‍ക്ക്, മധ്യപ്രവിശ്യ സുന്നി അറബികള്‍ക്ക്, വടക്ക് കുര്‍ദുകള്‍ക്ക് തുടങ്ങി മൂന്നുപ്രവിശ്യയാക്കി തത്വത്തില്‍മാറ്റി. ഇനി ഔദ്യോഗികപ്രഖ്യാപനം മാത്രം വന്നാല്‍ മതി. അതു പ്രഖ്യാപിക്കലും ഇവര്‍ തന്നെയാണെന്നതു വേറെ കാര്യം.
സുഡാന്‍ ഇതിനകംതന്നെ രണ്ടായിക്കഴിഞ്ഞു. അടുത്ത വിഭജനത്തിനു അണിയറ നീക്കങ്ങള്‍ ശക്തമായി നടന്നുകൊണ്ടിരിക്കുന്നു, വടക്കന്‍ സുഡാന്‍ നൂബ സ്റ്റേറ്റായും പടിഞ്ഞാറന്‍ സുഡാന്‍ ഡാര്‍ഫോര്‍ സ്റ്റേറ്റായും കിഴക്കന്‍ സുഡാന്‍ ബിജ്ജ സ്റ്റേറ്റായുമൊക്കെ പ്രഖ്യാപിക്കപ്പെടുന്ന കാലം അതിവിദൂരമല്ല. ഈജിപ്തിന്റെ തെക്കന്‍പ്രവിശ്യയില്‍ നാസര്‍ തടാകവും പീരുമേടുകളുമൊക്കെ നിലകൊള്ളുന്ന നൂബ വെട്ടിപ്പൊളിച്ചു സുഡാനോടു യോജിപ്പിച്ചു വിശാല നൂബ സ്റ്റേറ്റാണു പദ്ധതിയുടെ ഭാഗമായുള്ളത്. യെമന്‍ പല പ്രവിശ്യകളായി തമ്മില്‍ത്തല്ലി നശിച്ചു കൊണ്ടിരിക്കയാണ്. ജി.സി.സിയിലെ ഏറ്റവും വലിയരാഷ്ട്രമായ സഊദിയെ നജ്ദ്, ഹിജാസ്, നജ്‌റാന്‍, ഷിയാ സ്റ്റേറ്റ് എന്നിങ്ങനെ പല കഷണങ്ങളാക്കി മാറ്റാനുള്ള പദ്ധതിയിലായിരുന്നു യെമന്‍ പ്രശ്‌നം തുടങ്ങി വച്ചത്. സല്‍മാന്‍ രാജാവ് ആ കുതന്ത്രത്തിനു തടയിട്ടിരിക്കുകയാണ്. സിറിയയുടെ അവസ്ഥയെന്താവുമെന്നു പറയാനാവില്ലെങ്കിലും കുര്‍ദുകള്‍ സ്വയംപര്യാപ്തതയിലേയ്ക്ക് അടുക്കുകയാണെന്ന വാര്‍ത്തകളാണു വന്നുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, ഇസ്്‌ലാമികരാജ്യങ്ങള്‍ അറബ്, നോണ്‍ അറബ്, ഷിയ, സുന്നി എന്നീ കുരുക്കുകളില്‍ കോര്‍ത്തു നശിപ്പിക്കുകയാണു ലക്ഷ്യം. തുടര്‍ന്ന് നൈല്‍ നദി മുതല്‍ യൂഫ്രട്ടീസ് നദി വരെ നീണ്ടുകിടക്കുന്ന വിശാലപ്രദേശത്ത് ഇസ്‌റാഈല്‍ പതാക ഉയര്‍ത്തുകയെന്നതാണ് ഒരു നൂറ്റാണ്ടു മുന്‍പ് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച വഞ്ചനയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഉള്ളടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."