ശംസുൽ ഉലമ ആദർശ വഴിയിൽ പ്രഭ ചൊരിഞ്ഞ വിശ്വപണ്ഡിതൻ: ദേശീയ സെമിനാർ
കോഴിക്കോട്: ഇസ്ലാമിന്റെ യഥാർഥരൂപം സുന്നത്ത് ജമാഅത്ത് ആണെന്ന് സമൂഹത്തെ പഠിപ്പിച്ച മഹാപണ്ഡിതനായിരുന്നു ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരെന്ന് സമസ്ത നൂറാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ശംസുൽ ഉലമയുടെ ലോകം' ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. ആദർശ വഴിയിൽ പ്രഭ ചൊരിഞ്ഞ വിശ്വ പണ്ഡിതനായിരുന്നു അദ്ദേഹം. സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കുന്നതിനും ജനങ്ങളെ പഠിപ്പിക്കുന്നതിനും അദ്ദേഹം ജീവിതം മാറ്റിവച്ചുവെന്നും സെമിനാർ അഭിപ്രായപ്പെട്ടു. വരക്കൽ മഖാമിൽ നടന്ന സെമിനാർ സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംശയങ്ങൾ ഇല്ലാത്തവിധം സമസ്തയുടെ ആശയങ്ങളും ആദർശങ്ങളും ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുത്ത പണ്ഡിതനായിരുന്നു ശംസുൽ ഉലമയെന്ന് അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന സംശയങ്ങൾക്ക് അദ്ദേഹം പൂർണമായ നിവാരണം നൽകി. നിരീശ്വര വാദ ചിന്തകളെ പ്രമാണങ്ങൾ വ്യാഖാനിച്ച് അദ്ദേഹം പ്രതിരോധിച്ചു. ദീനിന്റെ സത്യസന്ധത നിലനിൽക്കണമെങ്കിൽ അമ്പിയാക്കളെ കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു.
ബിദ്അത്തുകളെ ശക്തമായി എതിർത്തു. അമ്പിയാക്കൻമാരുടെ സ്വഭാവം ഉള്ളവരാണ് യഥാർഥ പണ്ഡിതൻമാർ. അമ്പിയാക്കളുടെ എല്ലാ ഗുണങ്ങളും ശംസുൽ ഉലമയിൽ ഉണ്ടായിരുന്നു. ശിഷ്യൻമാരോട് വലിയ സ്‌നേഹം കാണിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. ജ്ഞാനത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം പ്രശോഭിച്ചു. മതേതര രാജ്യത്ത് മുസ്ലിംകൾ എങ്ങനെയാണ് ജീവിക്കേണ്ടത് എന്നും ശംസുൽ ഉലമ കാണിച്ചുതന്നു. മറ്റു സമുദായങ്ങളുടെ വിശ്വാസത്തിനും ആരാധനകൾക്കും ഒരു പോറലും ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനർഥം ആദർശങ്ങളിൽ വിട്ടുവീഴ്ച വേണമെന്നായിരുന്നില്ല. മുസ്ലിം സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിൽ എല്ലാവരെയും യോജിപ്പിച്ച് നിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
മതത്തിന്റെ ചട്ടക്കൂടുകളിൽ നിൽക്കാൻ അദ്ദേഹം സമുദായത്തെ പഠിപ്പിച്ചു. സിംഹം കുഞ്ഞുങ്ങൾക്ക് കാവൽ നിൽക്കുന്നതുപോലെ അദ്ദേഹം സമുദായത്തിന് സംരക്ഷണം നൽകി. സമസ്തക്കെതിരായ അധിക്ഷേപങ്ങളെ പ്രതിരോധിച്ച മഹാ പണ്ഡിതനായിരുന്നു ശംസുൽ ഉലമയെന്നും ജിഫ്‌രി തങ്ങൾ കൂട്ടിച്ചേർത്തു. സംഘാടകസമിതി ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അധ്യക്ഷനായി. സംഘാടക സമിതി വർക്കിങ് ചെയർമാൻ ടി.പി.സി തങ്ങൾ പതാക ഉയർത്തി. മഖാം സിയാറത്തിന് ഒളവണ്ണ അബൂബക്കർ ദാരിമി നേതൃത്വം നൽകി.
ശംസുൽ ഉലമായുടെ ഓർമ്മക്കായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ ശംസുൽ ഉലമാ ഫൗണ്ടേഷൻ ദേശീയ അവാർഡ് ജിഫ്രി തങ്ങളിൽ നിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാർക്കുവേണ്ടി ബന്ധുക്കളും സംഘടനാ പ്രവർത്തകരും ഏറ്റുവാങ്ങി. പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പ്രശസ്തി പത്രം സമർപ്പിച്ചു. ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. മൂസക്കുട്ടി ഹസ്‌റത്ത് (ശംസുൽ ഉലമ: പണ്ഡിതലോകത്തെ അതുല്യപ്രതിഭ), ഫക്രുദീൻ തങ്ങൾ, ബഹറൈൻ (ശംസുൽ ഉലമ: ആരവങ്ങളില്ലാത്ത ആത്മീയത), എ.വി അബ്ദുറഹ്‌മാൻ മുസ്ലിയാർ (ശംസുൽ ഉലമ: അധ്യാപനം, സ്ഥാപനങ്ങൾ), വാക്കോട് മൊയ്തീൻ കുട്ടി ഫൈസി (ശംസുൽ ഉലമ: ബിദ്അത്തിലെ നിലപാട്), അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് (ശംസുൽ ഉലമ: നൂറു തികഞ്ഞ സമസ്ത), സാലിം ഫൈസി കൊളത്തൂർ (ശംസുൽ ഉലമ: ജനനം, ജീവിതം, കുടുംബം), ശുഹൈബുൽ ഹൈത്തമി (ശംസുൽ ഉലമ: ബഹുസ്വര സമൂഹത്തിലെ സമുദായം) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. കെ. മോയിൻകുട്ടി മാസ്റ്റർ, എം.എ ചേളാരി, ബാപ്പു ഹാജി മുണ്ടക്കുളം, എൻജിനീയർ മാമുക്കോയ ഹാജി, സത്താർ പന്തലൂർ സംസാരിച്ചു.
സെമിനാറിന് മുന്നോടിയായി നടന്ന മൗലീദ് മജ്ലിസിന് ഫഖറുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി, പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പാണക്കാട് നിയാസലി ശിഹാബ് തങ്ങൾ, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, അലി തങ്ങൾ പാലേരി, അബ്ദുല്ലക്കോയ തങ്ങൾ, നൗഫൽ തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, മിർബാത്ത് തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി.
കെ.കെ ഇബ്രാഹിം മുസ്‌ലിയാർ, എം.പി.മുഹമ്മദ് മുസ്‌ലിയാർ കടുങ്ങല്ലൂർ, അബ്ദുൽഖാദർ അൽ ഖാസിമി, ഹുസൈൻകുട്ടി മൗലവി മലപ്പുറം, എ.എം പരീത് ഹാജി, ഇബ്രാഹിം ഫൈസി പേരാൽ, ജലീൽ ഹാജി ഒറ്റപ്പാലം, സലാം ഫൈസി മുക്കം, അഷ്‌റഫ് ഹാജി പാലത്തായി, ജലീൽ ഫൈസി, എസ്.വി ഹസ്സൻകോയ, അയ്യൂബ് മുട്ടിൽ, മൊയ്തീൻകുട്ടി യമാനി, ഗഫൂർ ഫൈസി കുവൈത്ത്, റാഷിദ് കാക്കുനി, മൊയ്തീൻകുട്ടി മുസ്ലിയാർ, ജലീൽ ഫൈസി വെളിമുക്ക്, ഗഫൂർ ദാരിമി മുണ്ടക്കുളം, അബ്ദുൽ അസീസ് ദാരിമി സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുസ്തഫ മുണ്ടുപാറ സ്വാഗതവും കൺവീനർ ഒ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."